തനിക്ക് ചികിത്സ നല്‍കുന്ന വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി. നാലുതവണ ആവശ്യപ്പെട്ടിട്ടും ചികിത്സ സ്വീകരിക്കാന്‍ മദനി തയാറായില്ലെന്ന് കര്‍ണാടകയുടെ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ കോടതിയില്‍ പറഞ്ഞിരുന്നു.
ഇക്കാര്യത്തില്‍ നുണ പ്രചരിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പരപ്പന അഗ്രഹാര ജയിലില്‍ സന്ദര്‍ശിച്ച ഭാര്യ സൂഫിയ, മകന്‍ ഉമര്‍ മുഖ്താര്‍, ബന്ധു അനീഷ് രാജ എന്നിവരോട് മദനി പറഞ്ഞു. 10 വര്‍ഷത്തിലേറെ നീണ്ട ജയില്‍ ജീവിതത്തിനിടയില്‍ നിരവധി പ്രതിസന്ധികള്‍ ഉണ്ടായിട്ടുള്ളതിനാല്‍ ഇതില്‍ പുതുമ തോന്നുന്നില്ല.
കര്‍ണാടക സര്‍ക്കാര്‍ തന്നെ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത് ആദ്യവുമല്ല. വിദഗ്ധ ചികിത്സ നിഷേധിക്കാനാണ് ഇത്തരം നീക്കങ്ങള്‍. കഴിഞ്ഞ ദിവസം മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കൊണ്ടുപോയപ്പോള്‍ ഡോക്ടര്‍മാരുടെ അനുമതി ലഭിക്കാനായി ഒരുമണിക്കൂറിലേറെയാണ് പുറത്ത് കാത്തിരിക്കേണ്ടിവന്നത്. ആശുപത്രിയില്‍നിന്ന് അനുമതി വാങ്ങാതെയാണ് കൊണ്ടുപോയതെന്നും സംശയിക്കുന്നതായി മഅ്ദനി പറഞ്ഞു.