ലോക്‍പാല്‍ സെര്‍ച്ച് കമ്മിറ്റി: ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷന്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ലോക്പാല്‍ അധ്യക്ഷനെയും അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ അധ്യക്ഷനായി ജസ്റ്റിസ് കെ ടി തോമസിനെ നിയമിച്ചു. പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ സമിതിയാണ് സെര്‍ച്ച് കമ്മിറ്റിക്ക് രൂപം നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ് വൈ ഖുറേഷി, ലേഡി ശ്രീറാം കോളേജ് പ്രിന്‍സിപ്പല്‍ മീനാക്ഷി ഗോപിനാഥ് തുടങ്ങിയവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ലോക്പാല്‍ പദവികളിലേക്കുള്ള അംഗങ്ങളുടെ പേര് വിവരങ്ങള്‍ അടങ്ങിയ പട്ടിക ഇവര്‍ നാമനിര്‍ദ്ദേശം ചെയ്യും.

അഴിമതി തടയാനുള്ള ലോക്പാല്‍ ബില്ലിന് ഈ വര്‍ഷമാദ്യം രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. സിബിഐ മേധാവിയെ പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്നിവരടങ്ങിയ കൊളീജിയം നിശ്ചയിക്കുമെന്ന് പുതുക്കിയ ലോക്പാല്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന സംഘടനകളെ ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും മത-രാഷ്ട്രീയ സംഘടനകളെ ഒഴിവാക്കിയിട്ടുണ്ട്. ലോകായുക്ത രൂപീകരണവും ബില്ലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മുന്നറിയിപ്പില്ലാതെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വീടുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് റെയ്ഡ് ചെയ്യാമെന്നും ബില്ലില്‍ പറയുന്നു. ലോക്പാല്‍ നിയമം നടപ്പാക്കി ഒരു വര്‍ഷത്തിനകം സംസ്ഥാനങ്ങള്‍ ലോകായുക്ത രൂപീകരിക്കണം. അഴിമതിക്കാരുടെ സ്വത്ത് വകകള്‍ ഏറ്റെടുക്കണമെന്ന സെനറ്റ് കമ്മിറ്റി ശുപാര്‍ശയ്ക്ക് ബില്ലില്‍ ഭേദഗതി വരുത്തിയിരുന്നു. സ്വത്ത് ഏറ്റെടുക്കും മുമ്പ് വിശദീകരണ നോട്ടീസ് നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :