ബി.എം.എസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി മനോജിന് വെട്ടേറ്റതിനെ തുടര്‍ന്ന് ബി.എം.എസ് ആഹ്വാനം ചെയ്ത പന്ത്രണ്ട് മണിക്കൂര്‍ ഹര്‍ത്താലില്‍ കണ്ണൂരിലെ ജനജീവിതം സ്തംഭിച്ചു. ഇന്നുരാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വാഹനഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.
ഹര്‍ത്താലിനെത്തുടര്‍ന്ന് കണ്ണൂര്‍ യൂണിവേഴ്സിറ്റി ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും 17 ലേക്ക് മാറ്റിയതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
മാഹിയിലെ പന്തക്കല്‍ വയല്‍പീടികയില്‍ വെച്ചാണ് മനോജിനുനേരെ ആക്രമണമുണ്ടായത്. മനോജിന്‍റെ നെഞ്ചിലും പുറത്തും ഇരുകൈത്തണ്ടകളിലും അജ്ഞാതരായ അക്രമികള്‍ വെട്ടുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ മനോജിപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ്.
ബി.എം.എസ് ജില്ലാ സെക്രട്ടറിയെ വെട്ടിയതിലും രാഷ്ട്രീയ വിഷയങ്ങളില്‍ ട്രേഡ് യൂണിയന്‍ നേതാക്കളെ ആക്രമിക്കുന്നതിലും പ്രതിഷേധിച്ചാണ് ഇന്നത്തെ ഹര്‍ത്താല്‍. അതിനിടെ, മനോജിനെ വെട്ടിയതിന് പിന്നില്‍ സിപിഎമ്മുകാരാണെന്ന് ബിജെപിയും ആര്‍എസ്‌എസും ആരോപിച്ചു. എന്നാലിത് സിപിഎം പ്രാദേശിക നേതാക്കള്‍ നിഷേധിച്ചിട്ടുണ്ട്.