ഏറെ നാളത്തെ ഇന്ത്യന്‍ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ വിപണിയിലെത്തിയ ആപ്പിള്‍ ഐ ഫോണ്‍ ഹാക്കര്‍മാരുടെ ആക്രമണം തടയാന്‍ ശേഷിയുള്ളവയാണെന്ന് മൊബൈല്‍ സേവനദാതാക്കളായ എയര്‍ടെല്‍. ഇന്ത്യയില്‍ വോഡാഫോണിനെ കൂടാതെ ഐ ഫോണ്‍ വിതരണം ചെയ്യാനുള്ള അവകാശം ലഭിച്ചിട്ടുള്ള കമ്പനിയാണ് ഭാരതി എയര്‍ടെല്‍.
തങ്ങള്‍ നല്‍കുന്ന ഐ ഫോണുകളില്‍ മറ്റുള്ള കമ്പനിയുടെ സിം കാര്‍ഡ് ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് കടന്നു കയറാന്‍ സാധ്യമാവില്ലെന്നാണ് എയര്‍ടെല്‍ അധികൃതര്‍ പറയുന്നത്. ഇങ്ങനെ ശ്രമിക്കുന്നവര്‍ക്ക് എയര്‍ടെല്ലിന്‍റെ സേവനങ്ങള്‍ ലോക്ക് ചെയ്യപ്പെടുമെന്നും കമ്പനിയുടെ സി ഐ ഓയും ഐടി ഡയറക്ടറുമായ ജയ് മേനോന്‍ ഇന്ത്യാ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അറിയിച്ചത്.
ഐ ഫോണ്‍ നിര്‍മ്മാതാക്കളുമായ ആപ്പിളുമായി വളരെയേറെ സഹകരിച്ചാണ് ഐഫോണിന് വേണ്ടിയുള്ള എയര്‍ടെല്‍ സേവനങ്ങള്‍ തയാറാക്കിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു. ഇന്ത്യയില്‍ നിന്നുള്ള ഐഫോണുകള്‍ ഹാക്ക് ചെയ്യുന്നതിനെക്കാള്‍ ലാഭകരം വിദേശത്ത് നിന്നുള്ള ഐഫോണുകള്‍ ഹാക്ക് ചെയ്യുന്നതായിരിക്കുമെന്നും കമ്പനി ജയ് മേനോന്‍ അഭിപ്രായപ്പെടുന്നു.