സ്റ്റേഷന്‍ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി

മലപ്പുറം| M. RAJU| Last Modified ശനി, 30 ഓഗസ്റ്റ് 2008 (10:23 IST)
മുപ്പതോളം വരുന്ന സി.പി.എം പ്രവര്‍ത്തകര്‍ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ പൊലീസ്‌ സ്‌റ്റേഷന്‍ ആക്രമിച്ച്‌ പ്രതിയെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്.

വ്യാഴാഴ്‌ച എടരിക്കാടുണ്ടായ മുസ്‌ലിം ലീഗ്‌-സി.പി.എം സംഘര്‍ഷത്തെത്തുടര്‍ന്ന്‌ അറസ്റ്റിലായ ഹംദാനെയാണ്‌ സി.പി.എം പ്രവര്‍ത്തകര്‍ മോചിപ്പിച്ചത്‌. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് ഹംദാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ അഞ്ചാം പ്രതിയാണ് ഹംദ. ഇയാളെ സ്റ്റേഷനിലെ ഒരു മുറിയില്‍ ഇരുത്തിയിരിക്കുകയായിരുന്നു.

മുപ്പതോളം പേര്‍ വരുന്ന സി.പി.എം പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് ഇരച്ചുകയറി പ്രതിയെ മോചിപ്പിക്കുകയായിരുന്നു. കുത്തക സ്ഥാപനങ്ങള്‍ക്കെതിരെ നടന്ന അക്രമത്തിലും പ്രതിയാണ്. ആക്രമണത്തില്‍ ഒരു വനിതാ കോണ്‍സ്‌റ്റബിള്‍ ഉള്‍പ്പടെ മൂന്ന്‌ പൊലീസുകാര്‍ക്ക്‌ പരിക്കേറ്റു. ഇവരെ തിരൂരങ്ങാടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പള്ളിയിലുണ്ടായ അക്രമസംഭവത്തെ തുടര്‍ന്ന് സ്റ്റേഷനിലെ പൊലീസുകാരെയെല്ലാം പള്ളിക്ക് സമീപ പ്രദേശങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ഈ അവസരമാണ് സി.പി.എമ്മുകാര്‍ മുതലെടുത്തത്. മലപ്പുറം എസ്.പി വിജയനടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :