ശോഭനാജോര്‍ജ് ഖേദം പ്രകടിപ്പിച്ചു

കൊച്ചി| M. RAJU| Last Modified വ്യാഴം, 14 ഓഗസ്റ്റ് 2008 (14:22 IST)
ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാര്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ശോഭനാ ജോര്‍ജ് ഖേദം പ്രകടിപ്പിച്ചു.

ശോഭനാജോര്‍ജ് തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവനയ്ക്കെതിരെയായിരുന്നു കേസ്. ഖേദ പ്രകടനത്തെ തുടര്‍ന്ന് കേസിന്‍റെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. വ്യാജരേഖ കേസില്‍ അറസ്റ്റിലാവുന്നതിന് മുമ്പ് 2002 സെപ്റ്റംബര്‍ 26ന് തിരുവനന്തപുരത്ത് വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശോഭനാജോര്‍ജ് നന്ദകുമാറിനെതിരെ ആരോപണം ഉന്നയിച്ചത്.

അന്ന് മന്ത്രിയായിരുന്ന കെ.വി തോമസിനെതിരെ വ്യാജരേഖയുണ്ടാക്കിയത് നന്ദകുമാറാണെന്നായിരുന്നു ആരോപണം. ഇതിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നന്ദകുമാര്‍ കേസ് നല്‍കുകയായിരുന്നു. വ്യാജരേഖ കേസില്‍ തന്‍റെ നിരപരാധിത്വം വെളിച്ചത്ത് കൊണ്ടുവരാന്‍ എല്ലാ പഴുതും അടച്ചുകൊണ്ടുള്ള അന്വേഷണം ആഗ്രഹിച്ചതുകൊണ്ടാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ശോഭനാജോര്‍ജ് പറഞ്ഞു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും നടന്നില്ല. ഞാന്‍ ഇപ്പോള്‍ അധികസമയവും കേരളത്തിലില്ല. പിന്നെയെന്തിനാണ് ഈ കേസുമായി മുന്നോട്ടുപോകുന്നത്. ഈ ആരോപണത്തില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് ശോഭനാജോര്‍ജ് പറഞ്ഞു.

വ്യാജരേഖകേസുമായി ബന്ധപ്പെട്ട് കേസില്‍ താന്‍ അവസാനം വരെ നിയമയുദ്ധം തുടരുമെന്ന് ടി.പി നന്ദകുമാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :