കടുവാക്കേസ് വീണ്ടും പൊങ്ങുന്നു; മാധ്യമ പ്രവര്‍ത്തകരേയും വെറുതേ വിടില്ല
കോഴിക്കോട്|
WEBDUNIA|
PRO
PRO
വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളില്‍ ഭീതി പരത്തിയ കടുവയെ വെടിവച്ച് കൊന്നവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് സൂചന. കടുവയെ വെടിവെച്ച് കൊന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയോട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു. സംഭവത്തിലെ മാധ്യമങ്ങളുടെ സമീപനവും രാഷ്ട്രീയ ഇടപെടലും സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനും ദേശീയ കടുവാ സംരക്ഷണ അതോറിറ്റി ശുപാര്‍ശ ചെയ്തു.
കടുവയെ കൊല്ലേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനാത്തിലാണ് മന്ത്രാലയം നടപടി ആവശ്യപ്പെട്ടത്.
കടുവയെ വെടിവെക്കാന്‍ ഉത്തരവിട്ട വയനാട് ജില്ലാ കളക്ടറും കടുവാ തെരച്ചിലിന് നേതൃത്വം നല്കിയ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരുമാണ് ഇതോടെ പ്രതിക്കൂട്ടിലാവുന്നത്.
വളര്‍ത്തു മൃഗങ്ങളെ കടുവ ആക്രമിച്ചെന്നാരോപിച്ച് വയനാട്ടില്‍ നടന്ന പ്രക്ഷോഭങ്ങളെയും അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. സംഘടിതമായി നടത്തിയ പ്രക്ഷോഭങ്ങളില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളാണെന്നാണ് കുറ്റപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കിയ രാഷ്ട്രീയക്കാര്‍ക്കെതിരെയും സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെയും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കേന്ദ്രത്തോട് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.