ഒതുക്കാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി തീപ്പന്തമാകും: പിണറായി

കോഴിക്കോട്| WEBDUNIA|
PRO
സി പി എം നേതാക്കളെ കള്ളക്കേസില്‍ പെടുത്തി പാര്‍ട്ടിയെ നശിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ പാര്‍ട്ടി തീപ്പന്തമായി മാറുമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഒരു മര്‍ദ്ദന സംവിധാനത്തിനു മുന്നിലും ഒതുങ്ങിപ്പോകുന്ന പാര്‍ട്ടിയല്ല സി പി എമ്മെന്നും പിണറായി പറഞ്ഞു. വടകരയില്‍ ഇ കെ നായനാര്‍ - കേളുവേട്ടന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് തെറ്റായ വഴിക്ക് നീങ്ങുകയും പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ അതിനെ നേരിടാന്‍ സി പി എമ്മിന് കഴിയും. സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് ചിലപ്പോള്‍ പാര്‍ട്ടിക്കെതിരായ നീക്കങ്ങള്‍ നടത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍, അടിയന്തിരാവസ്ഥയെ കടന്നുവന്ന പാര്‍ട്ടിയാണിതെന്ന് ഓര്‍ക്കണം. അടിയന്തിരാവസ്ഥക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നശിപ്പിച്ചുകളയാമെന്ന് ചിലര്‍ കരുതിയിരുന്നു. എന്നാല്‍ അത് സംഭവിച്ചോ? കൂടുതല്‍ വീറോടെ നിലനില്‍ക്കുന്നില്ലേ? അതാണ് ഈ പാര്‍ട്ടി - പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു.

ചന്ദ്രശേഖരന്‍ വധത്തിന്‍റെ പേരില്‍ ചിലര്‍ പൊലീസിന്‍റെ പിന്തുണയോടെ ഒഞ്ചിയത്തെ സി പി എം പ്രവര്‍ത്തകരെ ആക്രമിക്കുകയാണ്. ഞങ്ങള്‍ ഒഞ്ചിയത്ത് പ്രവര്‍ത്തിക്കേണ്ട എന്നാണോ? ഞാന്‍ ഇപ്പോള്‍ പഴയ ചില അനുഭവകഥകള്‍ പറഞ്ഞാല്‍ അത് വരാന്‍ പോകുന്ന എന്തിന്‍റെയോ സൂചനയാണെന്ന് വ്യാഖ്യാനിക്കപ്പെടും. എങ്കിലും പറയാം. 1948ല്‍ ഞങ്ങളുടെ നാട്ടില്‍ പൊലീസ് ഒത്താശയോടെ കമ്യൂണിസ്റ്റുവേട്ടയ്ക്ക് ഇറങ്ങിയ കുഞ്ഞിരാമന്‍ എന്നൊരാളുണ്ടായിരുന്നു. സ്ഥിരമായി അയാള്‍ കമ്യൂണിസ്റ്റുവേട്ട നടത്തി. എന്നിട്ടെന്തായി കഥ? കുഞ്ഞിരാമന്‍ ജീവനോടെയൊക്കെയിരുന്നു. പക്ഷേ, പിന്നീടൊരിക്കലും അയാള്‍ക്ക് കമ്യൂണിസ്റ്റുവേട്ട നടത്താന്‍ കഴിഞ്ഞില്ല - പിണറായി ചൂണ്ടിക്കാട്ടി.

ചന്ദ്രശേഖരന്‍ ഒരിക്കലും ഞങ്ങള്‍ക്ക് ഭീഷണിയായിരുന്നില്ല. അദ്ദേഹത്തെ കൊലപ്പെടുത്തിയിട്ട് ഞങ്ങള്‍ക്ക് എന്താണ് കാര്യം? പാര്‍ട്ടിവിട്ടുപോയതിന് ശേഷം ചന്ദ്രശേഖരനോട് പാര്‍ട്ടി ശത്രുതാപരമായ നിലപാടായിരുന്നില്ല സ്വീകരിച്ചിരുന്നത്. എന്നാല്‍ ചന്ദ്രശേഖരന്‍ ശത്രുതാപരമായി പെരുമാറി. അത്തരം നിലപാടുകള്‍ സ്വീകരിച്ചവരുടെ ദേഹത്ത് ഒരുനുള്ളു മണ്ണ് നുള്ളിയിടാന്‍ പോലും സി പി എം ഒരിക്കലും ശ്രമിച്ചിട്ടില്ല. ആശയപരമായേ നേരിട്ടിട്ടുള്ളൂ. എം വി രാഘവനോടും കെ ആര്‍ ഗൌരിയമ്മയോടും അതേ നിലപാട് തന്നെയാണ് സ്വീകരിച്ചത് - പിണറായി വ്യക്തമാക്കി.

ഒരു കല്യാണവീട് കേന്ദ്രീകരിച്ച് ചന്ദ്രശേഖരനെതിരെ സി പി എം ഗൂഢാലോചന നടത്തിയെന്നാണ് യു ഡി എഫിന്‍റെയും പൊലീസിന്‍റെയും കണ്ടെത്തല്‍. ഇക്കാര്യത്തില്‍ ചില വലതുപക്ഷ മാധ്യമങ്ങളും നുണ പ്രചരിപ്പിക്കുകയാണ്. ചന്ദ്രശേഖരന്‍ വധവുമായി പനോളി വത്സന് ബന്ധമുണ്ട് എന്ന് പറയിക്കാനായി കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി ബാബുവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. അയാള്‍ മൂന്നുതവണ ബോധം കെട്ടുവീണു. ഭക്ഷണം കൊടുത്തതേയില്ല. തിരുവഞ്ചൂരിന്‍റെ ആഭ്യന്തരവകുപ്പ് കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത്? - പിണറായി വിജയന്‍ ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :