ഐസ്ക്രീം കേസും പൊങ്ങുന്നു; രേഖകള്‍ വി എസിന്റെ കൈയില്‍

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
ഐസ്ക്രീം കേസും പൊങ്ങുന്നു. ഐസ്ക്രീം കേസ് ഡയറിയിലെ വിശദാംശങ്ങള്‍ പുറത്ത്. ഇതു സംബന്ധിച്ച രേഖകള്‍ വി എസ് അച്യുതാനന്ദന് ലഭിച്ചു. ഐസ്ക്രീം കേസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടതായും ഹൈക്കോടതിയെ സമീപിക്കുമെന്നും വി എസ് അറിയിച്ചു.

കേസിലെ ഇരകളിലൊരാളായ റോസ്‌ലിന്റെ മൊഴി നിര്‍ണായകമാകും. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പരാമര്‍ശം റോസ്‌ലിന്റെ മൊഴിയിലുണ്ട്. കെ എ റൌഫ് നാലു ലക്ഷം രൂപ നല്‍കിയതായും റോസ്‌ലിന്‍ മൊഴിയില്‍ വ്യക്തമാക്കുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരേ മൊഴി നല്‍കാതിരിക്കാനാണ് പണം നല്‍കിയത്. റൌഫിന്റെ വെളിപ്പെടുത്തലിനു പിന്നാലെ കുഞ്ഞാലിക്കുട്ടിയെ കണ്ടതായും മൊഴിയിലുണ്ട്. റജുല, ബിന്ദു എന്നിവരുടെ മൊഴികളിലും പണം നല്‍കിയതായി പറയുന്നു. സത്യം പറയാന്‍ ഇപ്പോള്‍ മാനസിക സംഘര്‍ഷമുണ്ടെന്നും ഇരകള്‍ വ്യക്തമാക്കുന്നു.

റൌഫിന്റെ വെളിപ്പെടുത്തലിനുശേഷവും കുഞ്ഞാലിക്കുട്ടി പണം നല്‍കി. മൊഴിമാറ്റി പറയാന്‍ ചേളാരി ഷെരീഫ് ഭീഷണിപ്പെടുത്തി. 1997 സെപ്തംബര്‍ മൂന്നിന് പൊലീസിനോട് സത്യം പറഞ്ഞതായും ബിന്ദുവിന്റെ മൊഴിയിലുണ്ട്.

1997 ലാണ് കോഴിക്കോട് നഗരത്തില്‍ ശ്രീദേവി എന്ന സ്ത്രീ നടത്തിയിരുന്ന ഐസ്‌കീം പാര്‍ലര്‍ കേന്ദ്രീകരിച്ച് നടന്നുവന്ന അനാശാസ്യം പുറത്തുവന്നത്. ആദ്യം ഈ കേസില്‍ ഉള്‍പ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ പേര് ഉണ്ടായിരുന്നുവെന്നും അത് പിന്നീട് നീക്കം ചെയ്യപ്പെട്ടുവെന്നതുമാണ് വിവാദത്തിന് ആധാരം. 2005ല്‍ കേസിലെ പ്രധാന സാക്ഷിയായിരുന്ന റജീന, തന്നെ കുഞ്ഞാലിക്കുട്ടി പീഡീപ്പിച്ചിരുന്നുവെന്നും പിന്നീട് സമ്മര്‍ദ്ദം ചെലുത്തി മൊഴി മാറ്റിക്കുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തി. ഇതിനു പുറമേ കൂടുതല്‍ സാക്ഷികള്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുകയും ചെയ്തു.

2011 ലെ തെരഞ്ഞെടുപ്പ് കാലത്ത് ഐസ്ക്രീം കേസ് സജീവ ചര്‍ച്ചാവിഷയമായി. 2011ലാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടി സാക്ഷികളെ പണം കൊടുത്ത് സ്വാധീനിച്ചുവെന്ന് ബന്ധു കെ.എ. റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. എഡിജിപി വിന്‍സെന്റ് എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിനായിരുന്നു അന്വേഷണചുമതല. താമരശ്ശേരി ഡിവൈഎസ്പി ജയ്‌സണ്‍ കെ എബ്രഹാമായിരുന്നു അന്വേഷണ ഉദ്യാഗസ്ഥന്‍.

കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശ പ്രകാരം റെജീനക്ക് 2,65,000 രൂപയും മറ്റൊരു സാക്ഷിക്ക് 3,15,000 രൂപയും നല്‍കിയിട്ടുണ്ടെന്നാണ് കെ.എ. റൗഫ് വെളിപ്പെടുത്തിയത്. സാക്ഷികളായ പെണ്‍കുട്ടികളെ കോടതിയിലേക്ക് കൊണ്ടുവരാനായി ചാലപ്പുറത്തെ ഒരുവീട്ടില്‍ കൊണ്ടുവന്ന് പഠിപ്പിക്കുകയായിരുന്നുവെന്നും റൗഫ് അന്ന് ആരോപിച്ചു.

നിലവില്‍ സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെതിരായ ആരോപണങ്ങള്‍ ചെറുക്കാന്‍ കഴിയാതെ യു ഡി എഫ് കുഴങ്ങുന്നതിനിടെയാണ് ഐസ്ക്രീം കേസും പൊങ്ങുന്നത്. എന്തായാലും ഐസ്ക്രീം കേസും കൂടി വീണ്ടും വിഷയമാകുന്നതോടെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പാടുപെടേണ്ടി വരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :