എളമരത്തിനെതിരായ നീക്കം രാഷ്ട്രീയപ്രേരിതം, സുന്ദരമൂര്‍ത്തിയെ മാപ്പുസാക്ഷിയാക്കിയത് ഉമ്മന്‍‌ചാണ്ടി: സി പി എം

എളമരം കരീം, ശശീന്ദ്രന്‍, ഉമ്മന്‍‌ചാണ്ടി, കോടിയേരി, വി എസ്
തിരുവനന്തപുരം| Last Modified വ്യാഴം, 21 മെയ് 2015 (15:53 IST)
മലബാര്‍ സിമന്‍റ്സ് അഴിമതിയും ശശീന്ദ്രന്‍റെ മരണവും സംബന്ധിച്ച വിഷയങ്ങളില്‍ മുന്‍ വ്യവസായമന്ത്രിയും സി പി എം നേതാവുമായ എളമരം കരീമിനെതിരായ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് സി പി എം. കേസില്‍ പ്രതിയായിരുന്ന സുന്ദരമൂര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ സഹായത്തോടെയാണ് മാപ്പുസാക്ഷിയായി മാറിയതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളാനത്തില്‍ പറഞ്ഞു. എളമരത്തെ പിന്തുണച്ചുകൊണ്ട് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം പാസാക്കി.

ശശീന്ദ്രന്‍ മരണപ്പെട്ട സംഭവത്തില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ കാലത്താണ് കേസ് വരുന്നത്. അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ച് സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. അന്വേഷണം അനുവദിച്ചു. സി ബി ഐ അന്വേഷാണം നടന്നു. ഇതിനിടയിലാണ് മാപ്പുസാക്ഷിയായ സുന്ദരമൂര്‍ത്തി ഒരു സ്റ്റേറ്റുമെന്‍റ് കോടതിയില്‍ സമര്‍പ്പിച്ചത്. ആ സ്റ്റേറ്റുമെന്‍റിലാണ് എളമരത്തിനെതിരെ പരാമര്‍ശമുള്ളത്. 2013 ഏപ്രിലിലാണ് ഈ സ്റ്റേറ്റുമെന്‍റ് നല്‍കിയത്. ഈ സ്റ്റേറ്റുമെന്‍റിനെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ നേരത്തേ മാധ്യമങ്ങള്‍ നല്‍കിയതാണ്. അത് ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കുന്നത് രാഷ്ട്രീയ ലക്‍ഷ്യങ്ങളോടെയാണ്. സി ബി ഐ ആണ് ഈ സ്റ്റേറ്റുമെന്‍റ് സുന്ദരമൂര്‍ത്തിയെക്കൊണ്ട് കൊടുപ്പിച്ചത്. അതിനുശേഷം സി ബി ഐ കുറ്റപത്രം നല്‍കിയിരുന്നു. അതിലൊന്നും ഈ സ്റ്റേറ്റുമെന്‍റിനെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല - കോടിയേരി വ്യക്തമാക്കി.

ഈ കേസില്‍ പ്രതിയായിരുന്ന സുന്ദരമൂര്‍ത്തി മാപ്പുസാക്ഷിയായതെങ്ങനെയാണെന്ന് അന്വേഷിക്കേണ്ടതില്ല. മൂര്‍ത്തിയുടെ സഹോദരന്‍ ആദിശിവ തമിഴ്നാട്ടില്‍ ഡി എം കെ എം‌പിയായിരുന്നു. ആദിശിവയും ഉമ്മന്‍‌ചാണ്ടിയും ഇടപെട്ടാണ് സുന്ദരമൂര്‍ത്തിയെ മാപ്പുസാക്ഷിയായത്. ആദിശിവയും ഒരു കോണ്‍ഗ്രസ് എം എല്‍ എയും ഉമ്മന്‍‌ചാണ്ടിയെ സെക്രട്ടേറിയറ്റിലെത്തി കണ്ടാണ് മാപ്പുസാക്ഷിയാക്കാന്‍ വേണ്ട നീക്കം നടത്തിയത്.

യു ഡി എഫ് സര്‍ക്കാര്‍ കാലത്ത് മലബാര്‍ സിമന്‍റ്സില്‍ അഴിമതി നടന്നിരുന്നു. ഈ അഴിമതിയെക്കുറിച്ച് എല്‍ ഡി എഫ് ഭരണകാലത്ത് അന്ന് വ്യവസായമന്ത്രിയായിരുന്ന കാലത്ത് എളമരം കരീം ആഭ്യന്തരമന്ത്രിയായിരുന്ന എനിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതില്‍ അന്ന് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. ആ നാലുകേസുകളില്‍ വി എം രാധാകൃഷ്ണന്‍ പ്രതിയാണ്. രാധാകൃഷ്ണനെ കോണ്‍‌ട്രാക്ടുകളില്‍നിന്നെല്ലാം ഒഴിവാക്കിയത് എല്‍ ഡി എഫാണ്. ആ വിജിലന്‍സ് കേസുകളെല്ലാം അട്ടിമറിക്കാന്‍ ഇടപെട്ടുകൊണ്ടിരുന്നത് യു ഡി എഫാണ്.

കെ എം എം എല്ലുമായും ടൈറ്റാനിയവുമായും ബന്ധപ്പെട്ട കേസുകള്‍ സി ബി ഐക്ക് വിടാന്‍ ആവശ്യപ്പെടാത്ത യു ഡി എഫ് ഇപ്പോള്‍ എളമരത്തിനെതിരായ ആരോപണം സി ബി ഐ അന്വേഷിക്കാന്‍ ആവശ്യപ്പെടുന്നത് രാഷ്ട്രീയപ്രേരിതമാണെന്നും പ്രമേയത്തില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :