വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ നീക്കം പിണറായി വിജയന്‍ സ്വാഗതം ചെയ്തു

തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 20 മെയ് 2015 (17:54 IST)
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണവും നടത്തിപ്പും സംബന്ധിച്ച് സര്‍വകക്ഷി യോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ പിണറായി വിജയന്‍ സ്വാഗതം ചെയ്തു.
പദ്ധതി നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കാനുള്ളതു മാത്രമാകരുത്, സര്‍വകക്ഷി യോഗം. ക്രിയാത്മക ചര്‍ച്ചയ്ക്കും കുറ്റമറ്റതും ജനാധിപത്യപരവുമായ തീരുമാനങ്ങള്‍ക്കും ഉള്ള വേദിയാകണം. പിണറായി ആവശ്യപ്പെട്ടു.

സര്‍വ്വകക്ഷിയോഗം വിളിക്കാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം വന്നതിനു തൊട്ടുപിന്നാലെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് സര്‍ക്കാരിന്റെ നീക്കത്തെ പിണറായി സ്വാഗതം ചെയ്തത്. നാലു ദിവസം മുമ്പ് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ പദ്ധതി നടത്തിപ്പിനും അദാനിക്കു കരാര്‍ നല്‍കാനുള്ള നീക്കത്തിനും എതിരെ പിണറായി ആഞ്ഞടിച്ചിരുന്നു. വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ 6000 കോടി രൂപയുടെ ഭൂമിതട്ടിപ്പാണ് നടക്കാന്‍ പോകുന്നത് എന്നാണ് പിണറായി ആരോപിച്ചത്.

ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് പിണറായിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതാണ് ഇപ്പോള്‍ മൃദുസമീപനം സ്വീകരിക്കാന്‍ കാരണമെന്ന് കരുതപ്പെടുന്നു. വിഴിഞ്ഞം പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് എല്ലാ സഹായവും ഉണ്ടാകും. ക്രമം വിട്ട രീതികളെ എതിര്‍ക്കുകയും ചെയ്യും. മലയാളിയുടെ വികസന മോഹത്തിന്റെ മറപറ്റി അഴിമതി നടത്താനുള്ള ഒരു നീക്കത്തെയും അനുവദിക്കില്ല. പുതിയ പോസ്റ്റില്‍ പിണറായി പറയുന്നു. സര്‍വ കക്ഷി യോഗവും ചര്‍ച്ചയും അഭിപ്രായ സമന്വയവും വേണം എന്ന് മുഖ്യമന്ത്രിക്ക് വൈകിയെങ്കിലും ബോധ്യപ്പെട്ടല്ലോ. ഇത് പ്രതിപക്ഷത്തിന്റെ പരസ്യമായ ഇടപെടല്‍ കൊണ്ടാണ് സാധിച്ചത് -പിണറായി വിശദീകരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :