എന്‍ഡോസള്‍ഫാന്‍: പ്ലാന്റേഷന്‍ കോര്‍പറേഷനെ അനുകൂലിച്ച് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍; പ്രസ്താവന ക്രൂരമെന്ന് സുഗതകുമാരി

കാസര്‍കോട്| WEBDUNIA|
PRO
PRO
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പ്ലാന്റേഷന്‍ കോര്‍പറേഷനെ അനുകൂലിച്ച് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍. നിയമപരമായാണ് പ്രവര്‍ത്തിച്ചത് കൊണ്ട് കീടനാശിനി നിര്‍മാതാക്കളെയും അത് തളിച്ചവരെയും കുറ്റപ്പെടുത്താന്‍ ആവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരിതം ഉണ്ടാവാതിരിക്കാന്‍ ജനങ്ങളും ശ്രദ്ധിക്കണമായിരുന്നു. കീടനാശിനി തെളിക്കുന്ന സമയത്ത് മാറി നിന്നിരുന്നെങ്കില്‍ ആളുകള്‍ക്ക് അത് ശ്വസിക്കേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദുരിതബാധിതര്‍ക്ക് വേണ്ടി ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠിക്കാനാണ് ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ നേതൃത്വം നല്‍കുന്ന സംഘം കാസര്‍കോട് എത്തിയത്. 36 ദിവസം കാസര്‍കോട് നടന്ന സമരങ്ങള്‍ക്കൊടുവിലായിരുന്നു കഴിഞ്ഞ മാര്‍ച്ച് 25ന് മുഖ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറാകുകയും എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകുകയും ചെയ്തത്. ഇതുപ്രകാരം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ട്രൈബൂണല്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ട്രൈബൂണല്‍ വേണമെന്നില്ലെന്നും കാസര്‍കോട്ടിലേത് ആരോഗ്യപ്രശ്‌നവുമാണെന്ന നിലപാടാണ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായരുടേത്. സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ഇത്തരം സംഘത്തെ നിയമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്തംബര്‍ 15ന് മുമ്പ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായരുടെ പ്രസ്താവനയ്‌ക്കെതിരെ കവയത്രി സുഗതകുമാരി രംഗത്തെത്തി. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ കുറിച്ച് ഒരു ന്യായാധിപന്‍ ഇങ്ങനെ പറയുന്നത് അന്യായമാണെന്ന് അവര്‍ പ്രതികരിച്ചു. പ്രസ്താവന ജനങ്ങളോടുള്ള ക്രൂരതായണ്. എന്‍ഡോസള്‍ഫാന്‍ തളിച്ചതിനു ശേഷവും സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചില്ല. എന്‍ഡോസള്‍ഫാന്റെ പരിണിതഫലങ്ങള്‍ തലമുറകള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ നാട്ടുകാരല്ല അനുവാദം കൊടുത്തത്. ആയിരക്കണക്കിന് കുടുംബങ്ങളെ വേദനയിലാഴ്ത്തിയ സംഭവത്തെ കുറിച്ചുള്ള ന്യായാധിപന്റെ പ്രസ്താവനയെ രാജ്യം മുഴുവന്‍ എതിര്‍ക്കണമെന്നും സുഗതകുമാരി ടീച്ചര്‍ പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :