മുസ്ലീം ലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറം തിരൂരങ്ങാടിയില്‍ എകെ ആന്റണിയെ വിജയിപ്പിച്ചത് ലീഗാണെന്ന് കെപിഎ മജീദ്.
ആന്റണിയുടെ സമുദായത്തിന് തിരൂരങ്ങാടിയില്‍ നൂറ് വോട്ട് പോലും തികച്ച് ലഭിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ ആന്റണിയ്‌ക്കുവേണ്ടി പ്രവര്‍ത്തിച്ചതും വോട്ട് ചെയ്‌ത് ചരിത്ര വിജയം നേടിക്കൊടുത്തതും തിരൂരങ്ങാടിയിലെ ലീഗ് പ്രവര്‍ത്തകരാണെന്നും മജീദ് പറഞ്ഞു. കൂടെ നിന്നവരെ ലീഗ് കൈവിടാറില്ല. ലീഗിന്റെ പൊന്നാപുരം കോട്ടയായ തിരൂരങ്ങാടിയില്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥികള്‍ ചരിത്രവിജയം നേടിയത് തന്നെ ഇതിന് തെളിവാണ്.
മലപ്പുറത്ത് മത്സരിക്കുന്ന ഒരു സ്‌ഥാനാര്‍ത്ഥി ലീഗിനെതിരായി സംസാരിക്കുന്ന വ്യക്‌തിയാണെങ്കില്‍പോലും പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ വോട്ട് നല്‍കും. വഴിയേ പോകുന്നവരുടെയെല്ലാം വിമര്‍ശനങ്ങളോട് ലീഗ് പ്രതികരിക്കാറില്ല. അതേസമയം, മറുപടി പറയേണ്ടവരോട് പറയുമെന്നും മജീദ് പറഞ്ഞു. യുഡിഎഫിന്റെ ഘടകകക്ഷിയാണെങ്കില്‍ വോട്ടുനല്‍കുന്നതിന് കൊടിയുടെ നിറം ലീഗ് നോക്കാറില്ലെന്നും കെപിഎ മജീദ് കൂട്ടിച്ചേര്‍ത്തു. ആര്യാടന്‍ മുഹമ്മദ് പറഞ്ഞതുകൊണ്ട് ആരും വര്‍ഗ്ഗീയവാദിയാകുന്നില്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ ആര്യാടനുള്ള മറുപടി എന്നരീതിയില്‍ പ്രതികരിച്ചു.