തിരുവനന്തപുരം|
ജോണ്‍ കെ ഏലിയാസ്|
Last Updated:
വ്യാഴം, 11 ഫെബ്രുവരി 2016 (19:51 IST)
ഹൈക്കമാന്‍ഡ് പ്രതിനിധിയായി ഗുലാം നബി ആസാദെത്തിയപ്പോള്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പുകാര്‍ക്ക് പറയാന്‍ ഏറെയുണ്ടായിരുന്നു. കൂടുതല്‍ പേരും പറഞ്ഞത് ഉമ്മന്‍ചാണ്ടിക്കെതിരായ പരാതികളായിരുന്നു. ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തി വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് പച്ചതൊടില്ലെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ ആസാദിനോട് വെട്ടിത്തുറന്ന് പറഞ്ഞതായാണ് വിവരം.
മാത്രമല്ല, കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ ന്യൂനപക്ഷ മുഖ്യമന്ത്രിയാണ് പതിവായി ഉണ്ടാകുന്നതെന്ന കാര്യവും അവര്‍ ആസാദുമായി പങ്കുവച്ചു. ജനങ്ങള്‍ക്ക് അങ്ങനെയൊരു ചിന്താഗതിയുണ്ട്. ഒരു ഭൂരിപക്ഷ സമുദായക്കാരനെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കണമെന്ന ആശയവും അവര്‍ ഗുലാം നബി ആസാദിനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫലത്തില്‍, രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പറയാതെ പറയുകയാണ് ഐ ഗ്രൂപ്പുകാര്‍ ചെയ്തത്. എല്ലാവരുടെയും പരാതികള്‍ സഗൌരവം കേട്ടിരുന്ന ആസാദ് എന്ത് റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിലെ തെരഞ്ഞെടുപ്പ് നയം.
അതേസമയം, വി എം സുധീരന്‍ കളമറിഞ്ഞ് കരുക്കള്‍ നീക്കുന്നതായാണ് റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ അനുകൂലമാകുകയും വീണ്ടും യു ഡി എഫ് അധികാരത്തില്‍ വരികയും ചെയ്താല്‍ സുധീരന്‍ മുഖ്യമന്ത്രിയാകാനുള്ള സാധ്യത കൂടുതലാണ്. അതിനുള്ള ഗ്രൌണ്ട് വര്‍ക്കുകള്‍ സുധീരന്‍ ചെയ്തുവരുന്നതായും അറിയുന്നു.
ഗ്രൂപ്പടിസ്ഥാനത്തിലല്ല, ജയസാധ്യതയുള്ളവരെയാണ് ഇത്തവണ സ്ഥാനാര്‍ത്ഥികളാക്കുക എന്ന് എ കെ ആന്‍റണിയും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസില്‍ നിന്ന് ജയിച്ചു വരുന്ന എം എല്‍ എമാരില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് മുന്‍തൂക്കമുണ്ടാകാനുള്ള സാധ്യത കുറവാണ്.