തിരുവനന്തപുരം|
Last Modified ചൊവ്വ, 9 ഫെബ്രുവരി 2016 (20:04 IST)
അഴിമതിക്കാരെ പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ലെന്നും അഴിമതിക്ക് ചെറിയ തെളിവെങ്കിലും ഉണ്ടെങ്കില്‍ നടപടി ഉറപ്പാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ നയിച്ച ജനരക്ഷായാത്രയ്ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള സമ്മേളനത്തില്‍ ശംഖുമുഖത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. രാഹുലിന്‍റെ ഈ പ്രഖ്യാപനം ഉമ്മന്‍ചാണ്ടിക്കുള്ള താക്കീതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അഴിമതിയുമായി സന്ധി ചെയ്യുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. അഴിമതിയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കും - രാഹുല്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചതായി രാഹുല്‍ ഗാന്ധി പറഞ്ഞു. കൊച്ചി മെട്രോ അടക്കമുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നു. സ്റ്റാര്‍ട് അപ്പിനെക്കുറിച്ച് പ്രധാനമന്ത്രി പറയുംമുമ്പ് കേരളം നടപ്പാക്കി. യുഡിഎഫും കോണ്‍ഗ്രസും ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.
ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന ബാറുകള്‍ തുറക്കുമോയെന്ന് എല്‍ഡിഎഫ് വ്യക്തമാക്കണം. ഇടതുമുന്നണി മദ്യനയം വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.