ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സുധീരന്‍ മുഖ്യമന്ത്രിയാകും, ഉമ്മന്‍‌ചാണ്ടിയെയും ചെന്നിത്തലയെയും വെട്ടാന്‍ ഹൈക്കമാന്‍ഡ്!

Sudheeran, Oommenchandy, Chennithala, Rahul Gandhi, Sonia, Congress,  സുധീരന്‍, ഉമ്മന്‍‌ചാണ്ടി, ചെന്നിത്തല, രാഹുല്‍ ഗാന്ധി, സോണിയ, കോണ്‍ഗ്രസ്
തിരുവനന്തപുരം| ജോണ്‍ കെ ഏലിയാസ്| Last Updated: ബുധന്‍, 10 ഫെബ്രുവരി 2016 (20:52 IST)
കേരളത്തില്‍ യു ഡി എഫിന് ഭരണത്തുടര്‍ച്ചയുണ്ടായാല്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റിനിര്‍ത്തി സുധീരനെ അവരുടെ തലയ്ക്കുമുകളിലൂടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഹൈക്കമാന്‍ഡ് നീക്കം.

ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്കും സോണിയാഗാന്ധിക്കും ഒരേ അഭിപ്രായമാണെന്നാണ് സൂചന. എ കെ ആന്‍റണിക്കും ഈ തീരുമാനത്തോട് യോജിപ്പാണെന്നാണ് റിപ്പോര്‍ട്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഗ്രൂപ്പുതിരിഞ്ഞുള്ള തമ്മില്‍‌തല്ല് ഉണ്ടാകരുതെന്നാണ് രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കേരളത്തില്‍ ഒന്നിച്ചുനിന്നാല്‍ വീണ്ടും ഭരണത്തിലേറാനുള്ള സാഹചര്യമുണ്ടെന്നാണ് രാഹുലിന്‍റെയും വിലയിരുത്തല്‍. അങ്ങനെയുണ്ടായാല്‍ സോളാര്‍ കേസില്‍ ഇമേജ് നഷ്ടപ്പെട്ട ഉമ്മന്‍‌ചാണ്ടിയെയും ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ചെന്നിത്തലയെയും മാറ്റിനിര്‍ത്തി സുധീരന്‍റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വരട്ടെയെന്ന നിലപാട് ഹൈക്കമാന്‍ഡ് സ്വീകരിച്ചേക്കും.

ഹൈക്കമാന്‍ഡില്‍ സുധീരനുള്ള സ്വാധീനം മാത്രമല്ല ഇതിന് കാരണം. ജനസമ്മതിയുണ്ട് എന്നതാണ് സുധീരന്‍റെ ഏറ്റവും വലിയ ബലം. ആദര്‍ശധീരനായ, അഴിമതിമുക്തനായ, ജനകീയനായ സുധീരനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ദീര്‍ഘകാലം കേരളത്തില്‍ കോണ്‍ഗ്രസിന് ശക്തമായ മുന്നേറ്റത്തിന് സഹായകമാകുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ല എന്ന് രാഹുല്‍ ഗാന്ധി പരസ്യമായി പ്രഖ്യാപിച്ചത് ഉമ്മന്‍‌ചാണ്ടിക്കും ഒപ്പം രമേശ് ചെന്നിത്തലയ്ക്കുമുള്ള വ്യക്തമായ സന്ദേശമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വികസനക്കാര്യത്തില്‍ ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കിയ മുഖ്യമന്ത്രിയാണെങ്കിലും ഉമ്മന്‍‌ചാണ്ടിയെ മുന്നില്‍ നിര്‍ത്തി നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ ഹൈക്കമാന്‍ഡിന് ധൈര്യമില്ല.

അതുകൊണ്ടുതന്നെയാണ് സുധീരന്‍ - ഉമ്മന്‍‌ചാണ്ടി - ത്രയത്തെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം യു ഡി എഫ് ഭരണം നിലനിര്‍ത്തിയാല്‍ സുധീരന്‍ തന്നെ മുഖ്യമന്ത്രിയായേക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ഇതിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും സുധീരന്‍ തന്‍റെ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പടിസ്ഥാനത്തിലല്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയമുണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചതും സുധീരന്‍റെ വരവിനുള്ള പാത സുഗമമാക്കുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :