തിരുവനന്തപുരം|
Last Modified ബുധന്‍, 10 ഫെബ്രുവരി 2016 (18:51 IST)
തുറന്നുപറച്ചിലില്‍ ഡി ജി പി ജേക്കബ് തോമസിനോളം ധൈര്യമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേറെയുണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു ഭരണകൂടത്തോടാണ് അദ്ദേഹം പരസ്യമായി യുദ്ധം ചെയ്യുന്നത്. കേരളത്തില്‍ ആയതുകൊണ്ട് മാത്രമാണ് താന്‍ ജീവനോടെയിരിക്കുന്നതെന്നാണ് ജേക്കബ് തോമസ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
കേരളത്തില്‍ ആയതുകൊണ്ടുമാത്രമാണ് ഞാന്‍ കൊല്ലപ്പെടാത്തത്. പക്ഷേ ഇവിടെ ഫിസിക്കല്‍ വധത്തിന് പകരം തേജോവധമാണ് കൂടുതല്‍ ഉപയോഗിക്കുന്നത് - ഒരു പ്രമുഖ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ജേക്കബ് തോമസ് പറയുന്നു.
പാറ്റൂര്‍ കേസില്‍ അഴിമതി നടന്നു എന്നതാണ് എന്‍റെ നിലപാട്. അതില്‍ ഉറച്ചുനില്‍ക്കുന്നു. പാറ്റൂര്‍ വിഷയത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അതുകൊണ്ട് വിജിലന്‍സ് കേസ് രജിസ്‌റ്റര്‍ ചെയ്യണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ കൃത്യമായി ഞാന്‍ പറഞ്ഞിരുന്നു. അവിടെ ഭൂമികയ്യേറ്റവും നടന്നിട്ടുണ്ട് - ജേക്കബ് തോമസ് വ്യക്തമാക്കുന്നു.
കുറേ അഴിമതിക്കാര്‍ തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ജേക്കബ് തോമസ് പറയുന്നു.