ഉമ്മന്‍‌ചാണ്ടിക്കെതിരായ ആക്രമണം: എം‌എല്‍‌എമാര്‍ക്ക് വീണ്ടും നോട്ടീസ്

തിരുവനന്തപുരം| Last Modified വെള്ളി, 9 മെയ് 2014 (15:44 IST)
കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക്‌ വീണ്ടും നോട്ടീസ്‌. ധര്‍മ്മടം എംഎല്‍എ കെകെ നാരായണനും പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്‌ണനുമാണ്‌ വീണ്ടും നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. കഴിഞ്ഞ ഒക്‍ടോബര്‍ 27 ന്‌ കണ്ണൂരില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിക്കുനേരെ അക്രമം ഉണ്ടായത്‌.

സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഎം നടത്തിയ ഉപരോധത്തിനിടെ ഉണ്ടായ കല്ലേറില്‍ മുഖ്യമന്ത്രിയുടെ നെറ്റിക്ക് നിസാര പരുക്കേറ്റിരുന്നു. കേസ്‌ അന്വേഷിക്കുന്ന തളിപ്പറമ്പ്‌ ഡിവൈഎസ്‌പി സംഭവവുമായി ബന്ധപ്പെട്ട്‌ നേരത്തെയും നോട്ടീസ്‌ അയച്ചിരുന്നുവെങ്കിലും എംഎല്‍എമാര്‍ ഹാജരാകാതിരുന്നതിരെ തുടര്‍ന്നാണ്‌ ഇരുവര്‍ക്കും വീണ്ടും നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. കേസുമായി ബന്ധപ്പെട്ട്‌ ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ ചൂണ്ടിക്കാട്ടിയാണ്‌ നോട്ടീസ്‌.

അതേസമയം മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയിട്ടില്ലെന്നും കേസില്‍ പ്രതിചേര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായാണ്‌ നോട്ടീസെന്നും എംഎല്‍എമാര്‍ നേരത്തെ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെയും സമ്മര്‍ദ്ദപ്രകാരമാണ്‌ ഈ നീക്കമെന്നും ആദ്യം നോട്ടീസ്‌ അയച്ചപ്പോള്‍ എംഎല്‍എമാര്‍ പ്രതികരിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :