ഉമ്മന്‍‌ചാണ്ടി മാറുമോ? അണിയറയില്‍ നീക്കങ്ങള്‍ ശക്തം

ആര്‍ അഞ്ജലികൃഷ്ണ| Last Updated: ബുധന്‍, 7 മെയ് 2014 (18:06 IST)
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം യു ഡി എഫ് രാഷ്ട്രീയത്തില്‍ എന്തുസംഭവിക്കും? സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ മാറ്റം വരുമോ? കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃതലത്തില്‍ അഴിച്ചുപണിയുണ്ടാകുമോ? ഇത്തരം ചോദ്യങ്ങള്‍ രാഷ്ട്രീയമണ്ഡലത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് ഫലം യു ഡി എഫിന് പ്രതികൂലമായാല്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി രാജിവയ്ക്കുമെന്ന അഭ്യൂഹം ശക്തമാണ്. സ്വയം അതിന് തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തെ മാറ്റാനുള്ള നീക്കങ്ങള്‍ അണിയറയില്‍ ശക്തമാണെന്ന റിപ്പോര്‍ട്ടുകളും വരുന്നു. വളരെ മുമ്പുതന്നെ ഹൈക്കമാന്‍ഡിലുള്ള സ്വാധീനം ഉമ്മന്‍‌ചാണ്ടിക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ കേരളത്തില്‍ നിന്ന് ശക്തമായ ഒരു മൂവ് ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ ഉമ്മന്‍‌ചാണ്ടിക്ക് കഴിഞ്ഞെന്നുവരില്ല.

സോളാര്‍ കേസിലും ഭൂമിതട്ടിപ്പ് കേസിലുമൊന്നും പതറാതെ നിന്ന ഉമ്മന്‍‌ചാണ്ടിക്ക് പക്ഷേ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അത്ര ലാഘവത്തോടെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. മാത്രമല്ല, ഇപ്പോള്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും ഉമ്മന്‍‌ചാണ്ടിയേക്കാള്‍ ശക്തനാണ് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ നിസഹായാവസ്ഥയിലാണ് ഉമ്മന്‍‌ചാണ്ടി.

സുധീരനെതിരായ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കി ഷാനിമോള്‍ ഉസ്മാന്‍ പുതിയൊരു വിവാദത്തിന് വഴിതുറന്നെങ്കിലും അസാമാന്യ മെയ്‌വഴക്കത്തോടെ സുധീരന്‍ അത് തനിക്ക് അനുകൂലമാക്കി മാറ്റിയ ദൃശ്യം കണ്ട് അന്തം വിട്ടിരിക്കുകയാണ് പലരും. എന്തായാലും മെയ് 16ന് ശേഷം യു ഡി എഫില്‍ എന്തൊക്കെ പൊട്ടിത്തെറികളാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് കാത്തിരുന്നുകാണുകതന്നെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :