ഉത്തരാഖണ്ഡ് പ്രളയം: പതിനാല് മലയാളികളെ കാണാനില്ലെന്ന് സ്ഥിരീകരണം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ പതിനാല് മലയാളികളെ കാണാനില്ലെന്ന് സ്ഥിരീകരണം. ഡല്‍ഹി കേരളാ ഹൗസ് റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതേസമയം ഉത്തരാഖണ്ഡിലെ പ്രളയക്കെടുതിയില്‍ നിന്നും രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന ശിവഗിരിയിലെ സന്യാസിമാരുടെ ആരോപണത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ചില അപ്രിയ സത്യങ്ങള്‍ പറയുന്നത് സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സര്‍ക്കാര്‍ നിയോഗിച്ച നോര്‍ക്കയുടെ ഉദ്യോഗസ്ഥനും തങ്ങളോട് മോശമായാണ് പെരുമാറിയതെന്നും ഇന്നുരാവിലെ ഡല്‍ഹിയില്‍ എത്തിയ സന്യാസിമാരുടെ സംഘം പറഞ്ഞിരുന്നു. പ്രളയത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ കുടുങ്ങിയ സ്വാമി ഗുരുപ്രസാദ്,വിശാലാനന്ദ എന്നിവരുള്‍പ്പെടെയുള്ള 10 അംഗ മലയാളി സംഘമാണ് ഡല്‍ഹിയില്‍ എത്തിയത്.

പ്രളയത്തില്‍ ഉത്തരാഖണ്ഡില്‍ അകപെട്ടുപോയ തങ്ങളെ പല രാഷ്ട്രീയക്കാരും വിളിച്ചുവെന്നും എന്നാല്‍ ഇവരൊന്നും രക്ഷാപ്രവര്‍ത്തനത്തിന് സഹായിച്ചില്ലെന്നും സ്വാമിമാര്‍ പറഞ്ഞു.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫോണ്‍ വിളിച്ചുവെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ല. പിന്നീട് തിരിച്ചു വിളിച്ചപ്പോള്‍ നോര്‍ക്ക പ്രതിനിധികള്‍ സഹായിക്കാനെത്തുമെന്നാണ് അറിയിച്ചത്. എന്നാല്‍ നോര്‍ക്ക പ്രതിനിധികളെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴൊക്കെ നിരാശയായിരുന്നു ഫലം. നോര്‍ക്കയിലെ ഒരു ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കുമെന്നും നോര്‍ക്കയുടെ ഇടപെടല്‍ തങ്ങള്‍ക്ക് വിഷമമുണ്ടാക്കുകയാണ് ചെയ്തതെന്നും സ്വാമിമാര്‍ പറഞ്ഞു. ചില അപ്രിയ സത്യങ്ങള്‍ പറഞ്ഞാല്‍ കേരളസര്‍ക്കാരിന് അത് ദോഷകരമാകുമെന്ന് ഉത്തരാഖണ്ഡില്‍ നിന്നും തിരിച്ചെത്തിയ സ്വമി ഗുരുപ്രസാദ് പറഞ്ഞു.

ഉത്തരാഖണ്ഡിലെ മഹാറാണി ഇടപെട്ടാണ് തങ്ങളെ രക്ഷപ്പെടുത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി പലതവണ ഫോണില്‍ വിളിച്ച് ക്ഷേമമന്വേഷിച്ചു. വേണ്ട സഹായം ചെയ്യാന്‍ തയ്യാറാണെന്ന് മോദി തങ്ങളെ അറിയിച്ചുവെന്നും സന്യാസിമാര്‍ പറഞ്ഞു. തങ്ങള്‍ക്ക് രാഷ്ട്രീയമില്ല, അതു കൊണ്ട് തന്നെ രാഷ്ട്രീയവിവാദങ്ങള്‍ക്കൊന്നും തങ്ങളില്ലെന്ന് സ്വാമിമാര്‍ പറഞ്ഞു. നേരത്തെ ഉത്തരാഖണ്ഡില്‍ കുടുങ്ങിയ സ്വാമിമാര്‍ അടക്കമുള്ള മലയാളികളെ രക്ഷിക്കുന്നതില്‍ കേരള സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് ശിവഗിരി മഠം രംഗത്തെത്തിയിരുന്നു. സംഘത്തിലെ ഏഴ് പേര്‍ നാളെ നാട്ടിലേക്ക് മടങ്ങും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :