ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി തിരുവനന്തപുരത്തെത്തി. പ്രത്യേക വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. വിമാനത്താവളത്തിന് പുറത്തിറങ്ങിയ അദ്ദേഹം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.
ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മമീമാംസ പരിഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് മോഡിയെത്തിയത്. ശാരദാമഠവും മഹാസമാധിയും അദ്ദേഹം സന്ദര്‍ശിക്കും. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാത്രി ഒമ്പത് മണിയോടെ അദ്ദേഹം ഗുജറാത്തിലേക്ക് മടങ്ങും.
ശക്തമായ രാഷ്ട്രീയവിവാദങ്ങള്‍ക്കിടെയാണ് മോഡി കേരളത്തില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ അദ്ദേഹം രാഷ്ട്രീയകാര്യങ്ങള്‍ സംസാരിക്കില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
മോഡി പങ്കെടുക്കുന്നതിനാല്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും. മോഡിയുടെ സന്ദര്‍ശനത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ കൂട്ടായ്മ തിരുവനന്തപുരത്ത് നടക്കുന്നുണ്ട്.
അതേസമയം എന്‍എസ്എസും എസ്എന്‍ഡിപിയും മോഡിയുടെ സന്ദര്‍ശനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.