ഇവന്‍ മൌഗ്ലി സുനി; മോഷണത്തിന്റെ പെരുന്തച്ചന്‍!

WEBDUNIA|
PRO
PRO
സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രം താമസിക്കുകയും വാടക നല്‍കാതെ വാഹനങ്ങളും മറ്റു വിലപിടിച്ച സാധനങ്ങളുമായി മുങ്ങുകയും ചെയ്യുന്ന മൌഗ്ലി സുനിയുടെ പ്രവര്‍ത്തനരീതി കേരളാ പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. ചാലക്കുടിയിലുള്ള മെഡോസ്‌ ഹോട്ടലില്‍ റൂമെടുത്ത്‌ താമസിച്ച്‌ ഹോട്ടല്‍ മാനേജരുടെ കാര്‍ തട്ടിയെടുത്ത്‌ മുങ്ങിയ സുനിയെ പിടികൂടാന്‍ ഇപ്പോഴും പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണത്തിനൊടുവില്‍ തിരൂരില്‍ നിന്ന് കാര്‍ മാത്രം കണ്ടെടുക്കാനേ പൊലീസിന് കഴിഞ്ഞുള്ളൂ.

ലാപ്‌ടോപ്പും അടിപൊളി ഡ്രസുമൊക്കെയായിട്ടാണ് സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുക്കാന്‍ സുനിയെത്തുക. മലയാളത്തിന് പുറമെ ഇംഗ്ലീഷും ഹിന്ദിയും കക്ഷി വെള്ളം പോലെ പറയുകയും ചെയ്യും. ഹോട്ടല്‍ ജീവനക്കാരെ പാട്ടിലാക്കി വിശ്വസിപ്പിക്കാന്‍ ഇതിലപ്പുറം ഒന്നും വേണ്ടല്ലോ. ചാലക്കുടി മെഡോസ്‌ ഇന്റര്‍നാഷണല്‍ ഹോട്ടലിലും സുനി ഇതേ അടവാണ് പയറ്റിയത്. അവസാനം മുരിങ്ങൂരിലേക്കു പോകാന്‍ വണ്ടി വേണമെന്നു പറഞ്ഞപ്പോള്‍ ഹോട്ടല്‍ മാനേജര്‍ സ്വന്തം വാഹനം തന്നെ സുനിക്ക് നല്‍‌കി.

എസ്‌ഐ പി ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് സിനിമാ സ്റ്റൈല്‍ തട്ടിപ്പിന്റെ കഥ. ഹോട്ടലില്‍ സുനി താമസിച്ചിരുന്ന മുറി പരിശോധിച്ച പൊലീസിന് വലിയൊരു ബാഗ് കിട്ടി. തുറന്ന് നോക്കിയപ്പോഴോ, ഉള്ളില്‍ കീറിപ്പറിഞ്ഞ തലയിണ മാത്രം. എറണാകുളത്തു സുനിലിന്റെ മുറി പരിശോധിച്ചപ്പോഴും പൊലീസുകാര്‍ക്ക് ലാപ്‌ടോപ്പുണ്ട് എന്ന് തോന്നിപ്പിക്കുന്ന ഒരു ബാഗ് ലഭിച്ചു. അത് തുറന്നപ്പോഴോ, ഉള്ളില്‍ ഇഷ്ടിക മാത്രം.

ഹോട്ടല്‍ മാനേജറുടെ കാര്‍ പൊലീസിന് തിരൂരില്‍ നിന്ന് കിട്ടിയെങ്കിലും അതിന് പിന്നിലും ഒരു കഥയുണ്ട്. സുനി തന്നെ കാര്‍ അവിടെ ഇട്ടതായിരുന്നു. ട്രെയിനില്‍ വച്ചു പരിചയപ്പെട്ട ഒരാളില്‍നിന്നു 7,500 രൂപ കടം‌വാങ്ങിയതിന് പണയവസ്‌തുവായാണ് സുനി കാര്‍ തിരൂരിലിട്ടത്. വാഹനം കൊണ്ടുപോകാന്‍ പൊലീസ് വന്നപ്പോഴാണ് മോഷ്ടിച്ച കാറാണ് താന്‍ പണയവസ്തുവായി സ്വീകരിച്ചതെന്ന് പണം കടം കൊടുത്തയാള്‍ മനസിലാക്കിയത്.

പൊലീസ് നടത്തിയ അന്വേഷത്തില്‍ പ്രതിക്കെതിരെ സമാനമായ കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിലവിലുണ്ടെന്ന്‌ കണ്ടെത്തി. സംസ്ഥാനത്തെ വിവിധ പ്രമുഖ ഹോട്ടലുകളില്‍ താമസിക്കുകയും റൂമിന്റെ വാടക നല്‍കാതെ മോഷണം നടത്തി മുങ്ങുകയുമാണ്‌ ഇയാളുടെ രീതിയെന്ന്‌ പൊലീസ് പറഞ്ഞു. തൃശൂരില്‍ ഒരു ഡോക്ടറുടെ വീട്ടില്‍ സുനി ഡ്രൈവറായി ജോലിയ്ക്ക്‌ കയറുകയും പിന്നീട്‌ 20000 രൂപയും ഡോക്ടറുടെ മോട്ടോര്‍ സൈക്കിളും തട്ടിയെടുത്ത്‌ മുങ്ങുകയും ചെയ്തിരുന്നു. എറണാകുളത്തെ താജ് ഹോട്ടലില്‍ പോലും മൌഗ്ലി സുനി തന്റെ കരവിരുതിന്റെ പ്രകടനം നടത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :