വാജ്പേയിയുടെ പേരില്‍ കല്‍മാഡിയുടെ തട്ടിപ്പ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പില്‍ അഴിമതി നടത്താനായി സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ പേര് ദുരുപയോഗം ചെയ്തതായി റിപ്പോര്‍ട്ട്. ഇതുവഴി കല്‍മാഡി 32.4 കോടി രൂപയുടെ അഴിമതി നടത്തുകയും ചെയ്തു. 2003-ല്‍ കോമണ്‍‌വെത്ത് ഗെയിംസ് കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് പണം വിതരണം ചെയ്തപ്പോഴാണ് കല്‍മാഡി വാജ്പേയിയുടെ പേരുപയോഗിച്ച തട്ടിപ്പ് നടത്തിയതെന്ന് അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന വി കെ ഷുങ്ഗ്ലു കമ്മിറ്റി കണ്ടെത്തി.

അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയുമായി ടെലിഫോണില്‍ സംസാരിച്ച് അനുമതി വാങ്ങിയാണ് പണം വിതരണം ചെയ്തതെന്നാണ് കല്‍മാഡി പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ ഒരു ഫോണ്‍ കോള്‍ നടന്നതിന് രേഖകള്‍ ഇല്ലെന്ന് ഷുങ്ഗ്ലു കമ്മിറ്റി കണ്ടെത്തി.

ഗെയിംസ് കമ്മിറ്റിയിലെ ഓരോ അംഗത്തിനും ഒരു ലക്ഷം ഡോളര്‍ വീതം നല്‍കുകയും ചെയ്തു. പണം വിതരണം ചെയ്യാന്‍ വാജ്പേയി അനുമതി നല്‍കിയതായി അറിയില്ലെന്ന് അന്ന് സ്പോര്‍ട്സ് മന്ത്രിയായിരുന്ന വിക്രം വര്‍മയും വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ കല്‍മാഡി അധികാരപരിധി ലംഘിച്ച് പ്രവര്‍ത്തിച്ചതായി തെളിഞ്ഞു എന്ന് വി കെ ഷുങ്ഗ്ലു കമ്മിറ്റി വെള്ളിയാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗെയിംസ് നടത്തിപ്പില്‍ കല്‍മാഡിയും കൂട്ടരും കാട്ടിയ അലംഭാവവും ക്രമക്കേടുകളുമെല്ലാം റിപ്പോര്‍ട്ടില്‍ രൂക്ഷമായ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. ഗെയിംസിന്റെ മൊത്തം ചെലവ് 400 കോടി രൂപയാകുമെന്നാണ് സംഘാടക സമിതി അറിയിച്ചിരുന്നതെന്നും എന്നാല്‍ അത് 28,000 കോടി രൂപയായി വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :