ഇന്ദുവിന്റെ മരണം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി
കൊച്ചി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കോഴിക്കോട് എന്‍ ഐ ടി ഗവേഷക വിദ്യാര്‍ഥിനി ഇന്ദു ട്രെയിനില്‍ നിന്ന് വീണ് മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡി ഐ ജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ അന്വേഷണത്തിന്റെ ചുമതല ഏല്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കേസ് അന്വേഷിക്കാന്‍ മൂന്നാഴ്ചയ്ക്കകം അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ഇന്ദുവിന്റെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഇന്ദുവിന് സംഭവിച്ചത് എന്താണ്?
2011 ഏപ്രില്‍ 24ന് തിരുവനന്തപുരം- മംഗാലാപുരം എക്സ്പ്രസില്‍ കോഴിക്കോട്ടേക്ക് യാത്രചെയ്യവെയാണ് ഇന്ദുവിനെ കാണാതായത്. പേട്ട സ്റ്റേഷനില്‍ നിന്നായിരുന്നു ഇന്ദു ട്രെയിനില്‍ കയറിയത്. എന്നാല്‍ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ഇന്ദു ഇറങ്ങിയിട്ടില്ലെന്ന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഏപ്രില്‍ 28ന് ആലുവ ചെങ്ങമനാടിന് സമീപം പെരിയാറില്‍ കണ്ടംതുരുത്ത് ഭാഗത്തുനിന്ന് ഇന്ദുവിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
തുടര്‍ന്ന് റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ദു ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തില്‍ എത്തിച്ചേരുകയായിരുന്നു. എന്നാല്‍ ഇതിനു സാധ്യതയില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായ കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു.
മരണം ആത്മഹത്യയൊ കൊലപാതകമൊ ?
ഇന്ദുവിന്റെ മരണം ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയും കഴിഞ്ഞിരുന്നില്ല. മുങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സ്വയം പുഴയിലേക്ക് ചാടിയതാണോ അതോ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന് വ്യക്തമല്ല. അബദ്ധത്തില്‍ വീഴാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
കോഴിക്കോട് എന്‍ ഐ ടിയില്‍ ഇന്ദുവിന്‍റെ സഹപ്രവര്‍ത്തകനായ സുഭാഷിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നീങ്ങിയത്. കാണാതായ ദിവസം ഇന്ദുവും സുഭാഷും ഒരുമിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്.
ഇന്ദുവും സുഭാഷും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും കോഴിക്കോട് ഒരു വാടകവീട്ടില്‍ ഒരുമിച്ചു താമസിച്ചിരുന്നു. ഇതിനിടെയാണ് മറ്റൊരു യുവാവുമായി ഇന്ദുവിന്‍റെ വിവാഹം നിശ്ചയിക്കുന്നത്. മേയ് 16ന് വിവാഹം നടക്കാനിരിക്കുകയായിരുന്നു. അതിനു മുമ്പ് എന്തെങ്കിലും ഒരു തീരുമാനമെടുക്കണമെന്ന് സുഭാഷ് ഇന്ദുവില്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് സൂചന.