തിരുവനന്തപുരം|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
ആറന്‍മുള വിമാനത്താവളവും നെല്‍വയല്‍ നികത്തലും നിയമസഭയില്‍ വലിയ ബഹളത്തിന് കാരണമായി. പ്രതിഷേധിച്ച് ഇറങ്ങിപ്പോയ പ്രതിപക്ഷ അംഗങ്ങളെ ഭരണപക്ഷാംഗങ്ങള്‍ കൂവി പരിഹസിച്ചു എന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ തിരികെയെത്തി നടുത്തളത്തില്‍ കുത്തിയിരുന്നു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും പ്രതിഷേധത്തില്‍ പങ്കെടുത്തു.
തുടര്‍ന്ന് നിയമസഭ കുറച്ചുസമയത്തേക്ക് നിര്‍ത്തിവച്ചു. എന്നാല്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നതിനാല്‍ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. തങ്ങളെ കൂവി പരിഹസിച്ച ഭരണപക്ഷ അംഗങ്ങളെ സഭയില്‍ നിന്ന് പുറത്താക്കണമെന്നാണ് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടത്. എന്നാല്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം യുക്തമായ നടപടി സ്വീകരിക്കാമെന്ന് സ്പീക്കര്‍ ഉറപ്പുനല്‍കിയെങ്കിലും അത് പ്രതിപക്ഷം തള്ളിക്കളയുകയായിരുന്നു.
ആറന്‍മുള വിമാനത്താവളത്തിനായി 2500 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് വ്യവസായ മേഖലയായി പ്രഖ്യാപിക്കാനുള്ള വിജ്ഞാപനം ഭാഗികമായി റദ്ദാക്കുകയാണെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചിരുന്നു. 2000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത വിജ്ഞാപനമാണ് റദ്ദാക്കുന്നത്. എന്നാല്‍ ബാക്കിയുള്ള 500 ഏക്കര്‍ വിമാനത്താവളത്തിനായി ഉപയോഗിക്കുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുകയും സഭ വിട്ടിറങ്ങുകയും ചെയ്തു. ഈ സമയത്താണ് ഭരണപക്ഷത്തുനിന്ന് കൂക്കിവിളി ഉയര്‍ന്നത്.
2005 ജനവരി ഒന്നിനു മുമ്പ് നികത്തിയ നെല്‍വയലുകള്‍ക്കും നീര്‍ത്തടങ്ങള്‍ക്കും അംഗീകാരം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുല്ലക്കര രത്‌നാകരന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.