അരി വാങ്ങാനുള്ള പണം നല്‍കിയാലും തുള്ളി കുടിവെള്ളം ഇല്ല!
കുട്ടനാട്|
WEBDUNIA|
PRO
PRO
വേനല്‍ കടുത്തതോടെ കുട്ടനാട്ടിലെ ജനജീവിതം ദുസ്സഹമായി മാറ്റി. ശുദ്ധജലക്ഷാമം അതീവ ഗുരുതര പ്രശ്നമായി കുട്ടനാട്ടില്‍ മാറിക്കഴിഞ്ഞു. പണം നല്‍കിയാല്‍ പോലും ഒരു തുള്ളി ശുദ്ധജലം ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ അ വസ്ഥയാണ് പരമദയനീയം.
പ്രധാന റോഡുകളുടെ സമീപം താമസിക്കുന്നവര്‍ക്ക് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകളില്‍ നിന്ന് വല്ലപ്പോഴുമെങ്കിലും ശുദ്ധജലം ലഭിക്കാറുണ്ട്. കൂടാതെ വാഹനങ്ങളില്‍ എത്തിക്കുന്ന ശുദ്ധജലം വാങ്ങുവാനും കഴിയും. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ഇതിനൊന്നും സൗകര്യമില്ല. അരി വാങ്ങാനുള്ള പണം ഉപയോഗിച്ച് വെള്ളം വാങ്ങാമെന്ന് വിചാരിച്ചാലും കിട്ടാനില്ലെന്ന് പ്രദേശത്തുകാര്‍ പറയുന്നു. വല്ലപ്പോഴും വള്ളത്തിലെത്തിക്കുന്ന വെള്ളത്തിനായി മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്.
ഓരോ വീട്ടുകാര്‍ക്കും വളരെ കുറഞ്ഞ അളവില്‍ മാത്രമെ വെള്ളം ലഭിക്കുകയുള്ളൂ. പ്രാഥമികാവശ്യങ്ങള്‍ക്കും പാത്രങ്ങള്‍ വൃത്തിയാക്കുന്നതിന് പോലും ആറുകളിലെയും തോടുകളിലെയും വെള്ളം ഉപയോഗിക്കാന്‍ കഴിയുന്നില്ല. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ തുറക്കുകയും വേനല്‍ കടുക്കുകയും ചെയ്തതോടെ ജലാശയങ്ങളില്‍ ഉപ്പുവെള്ളം കയറിക്കഴിഞ്ഞു.
കൈനകരി, പുളിങ്കുന്ന്, കാവാലം, നീലംപേരൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലാണ് ശുദ്ധജലം ലഭിക്കാതെ ജനം നട്ടംതിരിയുന്നത്. സമീപ പ്രദേശങ്ങളില്‍ നിന്ന് വന്‍ വിലകൊടുത്താണ് പലരും വെള്ളം ശേഖരിക്കുന്നത്. വര്‍ഷാവര്‍ഷം കുടിവെള്ള പദ്ധതികളുടെയും കുടിവെള്ള വിതരണത്തിന്റെയും പേരില്‍ കോടികള്‍ ചെലവഴിക്കാറുണ്ടെങ്കിലും ശാശ്വത പരിഹാരത്തിന് യാ തൊരു നടപടിയും സ്വീകരിക്കുന്നില്ല.