ശ്രീപത്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പിലെ ക്രമക്കേടുകള്‍ വിശദമാക്കുന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്നു പരിഗണിക്കും.
ക്ഷേത്രഭരണത്തില്‍ നിന്ന് രാജകുടുംബത്തെ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. അതേസമയം, റിപ്പോര്‍ട്ട് അതേപടി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് രാജകുടുംബം. റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരും ഇന്ന് നിലപാടറിയിക്കും.
സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍സുബ്രഹ്മണ്യം തയാറാക്കിയ 575 പേജുകള്‍വരുന്ന റിപ്പോര്‍ട്ടില്‍ ക്ഷേത്രത്തിലെ ക്രമക്കേടുകള്‍ വിശദമായി വിവരിക്കുന്നുണ്ട്. പൊതുസ്വത്തിനെ സ്വകാര്യ സ്വത്തായി കണക്കാക്കുന്ന രാജകുടുംബത്തിന് ക്ഷേത്രത്തിലുള്ള എല്ലാ പ്രത്യേകാവകാശങ്ങളും എടുത്തുകളയണമെന്നും ഗോപാല്‍ സുബ്രഹ്മണ്യം നിര്‍ദേശിച്ചു.
ക്ഷേത്രത്തിന്റെ വരവു ചെലവു കണക്കുകള്‍ മുന്‍ സിഎജി വിനോദ് റായിയുടെ നേതൃത്വത്തില്‍ പരിശോധിപ്പിക്കണമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്‌തു. എന്നാല്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്ന നിലപാടിലാണ് രാജകുടുംബം.
സമ്മര്‍ദം ചെലുത്തിയാണ് സാക്ഷിമൊഴികള്‍ ശേഖരിച്ചതെന്നും റിപ്പോര്‍ട്ട് അതേപടി നടപ്പാക്കുന്നത് ക്ഷേത്രത്തിലെ ആചാരങ്ങളെ ബാധിക്കുമെന്നും രാജകുടുംബം വിമര്‍ശിക്കുന്നു