അപ്രഖ്യാപിത പവര്‍കട്ട്: പ്രതിപക്ഷം ഇറങ്ങിപ്പോയി

പവര്‍കട്ട്, ആര്യാടന്‍, നിയമസഭ, ഉമ്മന്‍‌ചാണ്ടി, വി എസ്, വൈദ്യുതി, പ്രതിസന്ധി, ലോഡ് ഷെഡിംഗ്
തിരുവനന്തപുരം| Last Modified വ്യാഴം, 12 ജൂണ്‍ 2014 (11:31 IST)
അപ്രഖ്യാപിത പവര്‍കട്ട് ചര്‍ച്ചചെയ്യണം എന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുന്‍ വൈദ്യുതമന്ത്രി കൂടിയായ എ കെ ബാലനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പവര്‍കട്ട് ഗാര്‍ഹിക മേഖലയെയും വ്യാവസായിക മേഖലയും സ്തംഭിപ്പിച്ചുവെന്നും ആസൂത്രണത്തിലെ ഗുരുതര വീഴ്ചയാണ് വൈദ്യുത പ്രതിസന്ധിക്ക് കാരണമെന്നും ബാലന്‍ കുറ്റപ്പെടുത്തി.

വൈദ്യുതപ്രതിസന്ധി രൂക്ഷമായിരുന്നെങ്കിലും കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് ലോഡ് ഷെഡ്ഡിങ് ഉണ്ടായിരുന്നില്ലെന്ന് എ കെ ബാലന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവെച്ച പല പദ്ധതികളും ഇന്ന് പാതിവഴിയിലാണെന്നും ബാലന്‍ പറഞ്ഞു.

എന്നാല്‍ കേന്ദ്ര വിഹിതത്തിലെ കുറവും പ്രതീക്ഷിച്ച മഴ ലഭിക്കാത്തതുമാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് മറുപടി നല്‍കി. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :