പൊലീസ് ലാ‍ത്തിചാര്‍ജ്: പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം| Last Modified ചൊവ്വ, 10 ജൂണ്‍ 2014 (11:29 IST)
കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള പൊലീസ് ലാത്തിചാര്‍ജ് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് എ പ്രദീപ് കുമാര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.

പൊലീസ് ലാത്തിചാര്‍ജ് സംബന്ധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയില്‍ മറുപടി നല്‍കി. എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞെന്ന് ചെന്നിത്തല പറഞ്ഞു. മലപ്പുറം ഡിവൈഎസ്പിക്കും ഒമ്പത് പൊലീസുകാര്‍ക്കും കല്ലേറില്‍ പരിക്കേറ്റു. ന്യായവും വ്യവസ്ഥാപിതവുമായ സമരങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തില്ല. സമരങ്ങളെ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഭ്യന്തരമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :