മലപ്പുറം|
JOYS JOY|
Last Modified ശനി, 18 ഏപ്രില്‍ 2015 (10:52 IST)
മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകന്‍ ആയിരുന്ന കെ കെ അനീഷിന്റെ
ആത്മഹത്യ സംബന്ധിച്ച് ഒരു വിഭാഗം അധ്യാപകര്‍, പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക് നല്കിയ മൊഴി മാറ്റി.
അനീഷിനെതിരെ നല്കിയ മൊഴിയാണ് ഈ അധ്യാപകര്‍ കഴിഞ്ഞദിവസം മാറ്റിയത്.
ആത്മഹത്യ ചെയ്ത അധ്യാപകന്‍ ആയ അനീഷ് കുറ്റക്കാരനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രീതിയില്‍ ഈ സ്‌കൂളിലെ 40 അധ്യാപകര്‍ നേരത്തെ കത്ത് നല്‍കിയിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ മലപ്പുറത്ത് നടത്തിയ തെളിവെടുപ്പിലാണ് ഒരുവിഭാഗം അധ്യാപകര്‍ മൊഴി മാറ്റിയത്.
അധ്യാപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 16 അധ്യാപകരില്‍ നിന്ന് കമ്മീഷന്‍ തെളിവെടുത്തിട്ടുണ്ട്. അനീഷിനെതിരെ ഡി പി ഐക്ക് നല്‍കിയ കത്ത് ബോധപൂര്‍വം എഴുതിയതല്ലെന്നും ശ്രദ്ധിക്കാതെ ഒപ്പിട്ട് നല്‍കിയതാണെന്നുമാണ് ഒരു വിഭാഗം അധ്യാപകര്‍ കമ്മീഷനെ ബോധിപ്പിച്ചിരിക്കുന്നത്.
മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അധ്യാപകരുടെ മൊഴിയെടുത്തത്. അനീഷ് ആക്രമിച്ചുവെന്ന് പരാതി നല്‍കിയ മുഹമ്മദ് അഷ്‌റഫിന് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അധ്യാപകര്‍ മൊഴിമാറ്റിയതെന്നാണ് സംശയിക്കുന്നത്.
അഷ്‌റഫിനെ ഉപദ്രവിച്ചുവെന്ന് അനീഷ് സമ്മതിച്ചിരുന്നു, സ്‌കൂളിലെ പ്രശ്‌നങ്ങള്‍ മുഴുവന്‍ മാനേജരെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു, അനീഷ് ആത്മഹത്യ ചെയ്യാന്‍ ഒരുതരത്തിലുള്ള മാനസിക പീഡനവും കാരണമായില്ല എന്നീ കാര്യങ്ങളുള്ള കത്തിലായിരുന്നു അധ്യാപകര്‍ ഒപ്പിട്ട് നല്കിയത്.