മലപ്പുറം|
JOYS JOY|
Last Modified വെള്ളി, 17 ഏപ്രില്‍ 2015 (15:41 IST)
മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ ഹൈസ്കൂളിലെ അധ്യാപകന്‍ കെ കെ അനീഷ് ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ നിര്‍ദ്ദേശം. തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഐ ജി എസ് ശ്രീജിത്ത് ആണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.
ആത്മഹത്യ ചെയ്ത അധ്യാപകന്‍ അനീഷും സ്കൂളിലെ പ്യൂണ്‍ ആയ മുഹമ്മദ് അഷ്‌റഫും തമ്മില്‍ കയ്യാങ്കളി നടന്നതിനെക്കുറിച്ച് അന്വേഷണം നടത്തിയത് തിരൂരങ്ങാടി സ്റ്റേഷനിലെ പൊലീസ് ആയിരുന്നു. അഷ്റഫിന്‍റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റന്നെ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നതില്‍ എസ് ഐ സുനിലിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ഇക്കാര്യത്തില്‍ പൊലീസിന് ഉണ്ടായ വീഴ്ച പരിശോധിച്ച ശേഷം ഉചിതമായ നടപടി എടുക്കണമെന്നാണ് ഐ ജി എസ് ശ്രീജിത്ത് ജില്ല പൊലീസ് മേധാവിക്ക് നല്‍കിയ ശുപാര്‍ശ.
സംഭവത്തില്‍ മാനേജറും മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്‌ടറും (ഡി ഡി ഇ) പ്രധാന അധ്യാപികയും കുറ്റക്കാരാണെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനേജര്‍ സൈതലവി, പ്രധാനാധ്യാപിക സുധ പി നായര്‍ എന്നിവര്‍ക്ക് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്‌ടര്‍ ചാര്‍ജ് മെമ്മോ നല്‍കിയിട്ടുണ്ട്.
വ്യാജ രേഖയുണ്ടാക്കിയതിന് ചെറുവണ്ണൂര്‍ കോയാസ് ആശുപത്രി മാനേജിംഗ് ഡയറക്‌ടര്‍ ഡോ എം എ കോയയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.