ഓസ്കറില്‍ പുതിയ വിവാദം: 'ഓമനത്തിങ്കള്‍ കിടാവോ’ അടിച്ചുമാറ്റി?

ചെന്നൈ| WEBDUNIA|
PRO
ഇത്തവണത്തെ ഓസ്കര്‍ അതിന്‍റെ നോമിനേഷന്‍ മുതലേ വിവാദക്കൊടുങ്കാറ്റില്‍ പെടുകയാണ്. ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ഗാനരചനയ്ക്കുള്ള നോമിനേഷനാണ് വിവാദമായിരിക്കുന്നത്. ‘ലൈഫ് ഓഫ് പൈ’ എന്ന സിനിമയ്ക്കുവേണ്ടി പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞ ബോംബെ ജയശ്രീ രചിച്ച “കണ്ണേ കണ്‍മണിയേ” എന്ന താരാട്ടുപാട്ടാണ് ഇപ്പോള്‍ കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുന്നത്.

200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരയിമ്മന്‍ തമ്പി രചിച്ച ‘ഓമനത്തിങ്കള്‍ കിടാവോ’ എന്ന താരാട്ടുപാട്ടിന്‍റെ തമിഴ് മൊഴിമാറ്റമാണ് ജയശ്രീയുടെ “കണ്ണേ കണ്‍മണിയേ” എന്നാണ് ആരോപണം. ഇരയിമ്മന്‍ തമ്പിയുടെ ചെറുമകള്‍ ജയശ്രീ രാജമ്മയാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരയിമ്മന്‍ തമ്പി ട്രസ്റ്റ് ഈ ആരോപണം ഏറ്റുപിടിച്ചിട്ടുണ്ട്.

“ചാഞ്ചാടിയാടും മയിലോ,
മൃദുപഞ്ചമം പാടും കുയിലോ” - എന്ന് ഇരയിമ്മന്‍ തമ്പി കുറിച്ചപ്പോള്‍ ബോംബെ ജയശ്രീയുടെ ഗാനത്തില്‍ “മയിലോ തോകൈ മയിലോ, കുയിലോ കൂവും കുയിലോ” എന്ന് കാണാം. “പരിപൂര്‍ണ്ണേന്ദു തന്‍റെ ഒളിയോ” എന്ന വരിക്ക് സമാനമായി “നിലവോ നിലവിന്‍ ഒളിയോ” എന്ന വരിയും കണ്ടെത്താനാകും.

“നല്ല കോമളത്താമരപ്പൂവോ,
പൂവില്‍ നിറഞ്ഞ മധുവോ” - എന്നത് മറ്റൊരു രൂപത്തില്‍, അതായത് “മലരോ മലരിന്‍ അമുതോ” എന്ന് ലൈഫ് ഓഫ് പൈയിലെ ഗാനത്തില്‍ കാണുന്നു.

എന്തായാലും 200 വര്‍ഷം മുമ്പുള്ള കവിതയാണ് എന്നതിനാല്‍ ജയശ്രീയ്ക്ക് കോപ്പിറൈറ്റ് പ്രശ്നത്തെയൊന്നും നേരിടേണ്ടിവരില്ല എന്നത് വസ്തുതയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :