ബലാത്സംഗം: ആര്‍എസ്‌എസ്‌ മേധാവിയുടെ പ്രസ്താവന വിവാദത്തില്‍

ന്യൂഡല്‍ഹി: | WEBDUNIA| Last Modified ശനി, 5 ജനുവരി 2013 (03:59 IST)
PRO
PRO
ബലാത്സംഗങ്ങള്‍ ഏറെയും നടക്കുന്നത്‌ ഇന്ത്യയിലാണെന്നും ഭാരതത്തിലല്ലെന്നുമുള്ള ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ മോഹന്‍ ഭഗവതിന്റെ പ്രസ്‌താവന വിവാദത്തില്‍. പാശ്‌ചാത്യ ജീവിതശൈലി പിടിമുറുക്കുന്ന നഗരങ്ങളിലാണ്‌ (ഇന്ത്യ) ബലാത്സംഗങ്ങള്‍ ഏറെ നടക്കുന്നതെന്നും ഗ്രാമീണ മേഖലകളില്‍ (ഭാരതം) അതു കുറവാണെന്നും അസമിലെ സില്‍ച്ചാറില്‍ നടത്തിയ പരാമര്‍ശമാണു വിവാദമായത്‌.

ഗ്രാമീണ മേഖലകളില്‍ ബലാത്സംഗം പോലെയുള്ള കുറ്റകൃത്യങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നില്ലെന്ന്‌ പോലീസും വിവിധ വനിതാ സംഘടനകളും ആവര്‍ത്തിക്കുന്നതിനിടെയുള്ള പ്രസ്‌താവനയ്‌ക്കെതിരേ കേന്ദ്രസര്‍ക്കാരും രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്തെത്തി. സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ സംബന്ധിച്ചിടത്തോളം ഗ്രാമ, നഗരവ്യത്യാസങ്ങളില്ലെന്നും ഇന്ത്യ, ഭാരതം എന്നീങ്ങനെയുള്ള വേര്‍തിരിവിന്‌ അടിസ്‌ഥാനമില്ലെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിംഗ്‌ പറഞ്ഞു.

ജാതി സംബന്ധമായ അടിച്ചമര്‍ത്തലുകളും സ്‌ത്രീകളെ ചൂഷണം ചെയ്യലും നിലനില്‍ക്കുകയാണെന്ന യാഥാര്‍ഥ്യം കണ്ടില്ലെന്നു നടിക്കുന്ന മനോഭാവമാണ്‌ ആര്‍എസ്‌എസിന്റേതെന്ന്‌ സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം വൃന്ദാ കാരാട്ട്‌ പറഞ്ഞു. ലൈംഗിക ക്രൂരകൃത്യങ്ങളേറെയും നടക്കുന്നത്‌ ദരിദ്രരും പിന്നാക്കക്കാരുമായ സ്‌ത്രീകള്‍ക്കെതിരേയാണ്‌.
ഭഗവതിന്‌ ഇന്ത്യ എന്താണെന്നോ ഭാരതം എന്താണെന്നോ അറിയില്ലെന്നും വൃന്ദ കുറ്റപ്പെടുത്തി.
ഭൂമിശാസ്‌ത്രാടിസ്‌ഥാനത്തില്‍ രാജ്യത്തെ വേര്‍തിരിക്കുന്നതിനോടു യോജിപ്പില്ലെന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ മമതാ ശര്‍മ അഭിപ്രായപ്പെട്ടു.

അതേസമയം, ഭഗവതിന്റെ പ്രസ്‌താവനയെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാത്തവരാണു വിമര്‍ശനങ്ങള്‍ക്കു പിന്നിലെന്ന്‌ ആര്‍എസ്‌എസും ബിജെപിയും അഭിപ്രായപ്പെട്ടു. സ്‌ത്രീകളെ ബഹുമാനിക്കുന്ന സംസ്‌കാരത്തില്‍നിന്നുള്ള അകല്‍ച്ചയാണ്‌ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക്‌ ഇടയാക്കുന്നതെന്നാണ്‌ ഭഗവത്‌ പറഞ്ഞതെന്ന്‌ ആര്‍എസ്‌എസ്‌ വക്‌താവ്‌ രാം മാധവ്‌ ചൂണ്ടിക്കാട്ടി. സ്‌ത്രീകള്‍ക്കു സമൂഹം നല്‍കേണ്ടുന്ന ബഹുമാനവും ആദരവുമാണ്‌ അദ്ദേഹം വ്യക്‌തമാക്കിയതെന്ന്‌ ബിജെപി വക്‌താവ്‌ രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :