യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ

എ കെ ജെ അയ്യർ| Last Updated: വെള്ളി, 29 ജൂലൈ 2022 (13:45 IST)
തൃശൂർ: യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിലായി. പുഷ്പഗിരി സ്വദേശി കണ്ണമ്പിള്ളി ഷൈജു എന്ന 42 കാരന്റെ മരണവുമായി ബന്ധപ്പെട്ടു തോട്ടുകുളം വിത്സൺ (46), മണ്ടിക്കുന്നു തെക്കൻ ഷിജിൽ (27) എന്നിവരാണ് കൊരട്ടി പോലീസിന്റെ പിടിയിലായത്.


കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് ഷൈജുവിനെ കുളത്തിൽ മുക്കിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണു പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിലിൽ മുരിങ്ങൂരിലെ ബാറിനടുത്ത് നടന്ന അടിപിടിക്കേസിൽ ഷൈജു പ്രതിയാണ്. ഈ സംഭവത്തിൽ ഷൈജുവിനെതിരെ വിത്സൺ മൊഴി നൽകിയതിന്റെ വൈരാഗ്യമാണ് പ്രശ്നമായത്.

ഇതിന്റെ വൈരാഗ്യത്തിൽ ഷൈജു വിൽസണിന്റെ പിക്കപ്പ് വാൻ തകർത്തായും പരാതിയുണ്ട്. ചൊവ്വാഴ്ച രാത്രി വിത്സനും ഷിജിലും ആറ്റപ്പാടം മല്ലഞ്ചിറ കുളത്തിനടുത്തെത്തി മദ്യപിക്കാനായി ഷൈജുവിനെ ഫോണിൽ വിളിച്ചു
വരുത്തുകയായിരുന്നു. മദ്യപാനത്തിനിടെ വീണ്ടും വഴക്കുണ്ടാക്കുകയും ഷൈജുവിനെ മർദ്ദിച്ചശേഷം കുളത്തിൽ മുക്കിപ്പിടിക്കുകയും ചെയ്തു. രണ്ട് മിനിറ്റോളം വെള്ളത്തിൽ വച്ചശേഷം ഷൈജുവിനെ പടവുകളിൽ കിടത്തി സ്ഥലം വിട്ടു. അയൽക്കാരാണ് ഷൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :