ലൈംഗികബന്ധത്തിനിടെ അപസ്മാരം, യുവതിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു; പൊലീസ് കസ്റ്റഡിയിലുള്ള യുവാവിന്റെ മൊഴി പുറത്ത്

പുതുവത്സര രാത്രിയില്‍ കൊട്ടിയം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് സംശയകരമായി കണ്ട യുവാവിന്റെ പക്കല്‍നിന്ന് യുവതിയുടെ ഫോണ്‍ കണ്ടെത്തിയത്

രേണുക വേണു| Last Modified വ്യാഴം, 5 ജനുവരി 2023 (10:02 IST)

ആളൊഴിഞ്ഞ റെയില്‍വെ കെട്ടിടത്തില്‍ യുവതിയുടെ പൂര്‍ണ നഗ്നമായ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലായ യുവാവിന്റെ മൊഴി പുറത്ത്. ലൈംഗിക ബന്ധത്തിനിടെ അപസ്മാരം വന്ന യുവതിയെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നുവെന്ന് 24 കാരനായ യുവാവ് പൊലീസിന് മൊഴി നല്‍കി.

ഡിസംബര്‍ 29 ന് ബീച്ചില്‍ വെച്ചാണ് കേരളാപുരം സ്വദേശിയായ യുവതിയെ ഇയാള്‍ പരിചയപ്പെടുന്നത്. പിന്നീട് യുവതിയെ ആളൊഴിഞ്ഞ റെയില്‍വെ കെട്ടിടത്തിലേക്ക് കൂട്ടികൊണ്ടുപോയി. ഇവിടെവെച്ച് ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും ഇതേ തുടര്‍ന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

പുതുവത്സര രാത്രിയില്‍ കൊട്ടിയം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് സംശയകരമായി കണ്ട യുവാവിന്റെ പക്കല്‍നിന്ന് യുവതിയുടെ ഫോണ്‍ കണ്ടെത്തിയത്. എന്നാല്‍ ഫോണ്‍ കളഞ്ഞുകിട്ടിയെന്നാണ് ഇയാള്‍ നല്‍കിയ വിശദീകരണം. ഫോണ്‍ വാങ്ങിവെച്ച ശേഷം ഇയാളെ പൊലീസ് വിട്ടയച്ചു. പിന്നീട് ഫോണിലുണ്ടായിരുന്ന യുവതിയുടെ അമ്മയുടെ നമ്പറിലേക്ക് പൊലീസ് വിളിച്ച് കാര്യം തിരക്കി. അപ്പോഴാണ് യുവതിയെ കാണാതായതിനെ തുടര്‍ന്ന് പരാതി നല്‍കിയിട്ടുണ്ടെന്ന വിവരം യുവതിയുടെ മാതാവ് പൊലീസിനോട് പറയുന്നത്.

തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ കൊട്ടിയം പൊലീസിലെത്തി ഫോണ്‍ വാങ്ങി യുവതിയെ കാണാനില്ലെന്നു പരാതി നല്‍കിയ കുണ്ടറ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് നേരത്തെ കസ്റ്റിഡിയിലെടുത്ത യുവാവിനെ പൊലീസ് വിളിച്ചുവരുത്തി. അപ്പോഴാണ് ഇയാള്‍ ലൈംഗികബന്ധത്തിനിടെ യുവതിക്ക് അപസ്മാരം വന്നപ്പോള്‍ താന്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞതാണെന്ന് മൊഴി നല്‍കിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :