തിരുവനന്തപുരം|
Last Modified വെള്ളി, 27 ജൂണ്‍ 2014 (15:29 IST)
ലഹരി മാഫിയയെ എന്തു വിലകൊടുത്തും അടിച്ചമര്‍ത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന യുവജന കമ്മീഷന്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ത്തമാന കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് കുട്ടികളിലെയും യുവാക്കളിലെയും മയക്കുമരുന്നു വ്യാപനം. കുട്ടികളിലാണ് മയക്കുമരുന്നിന്റെ സ്വാധീനം വര്‍ധിച്ചിരിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ ഒരു തലമുറയെ നശിപ്പിക്കുന്നതിനുള്ള മനപ്പൂര്‍വ്വമായ നീക്കമാണ് ഇത്തരക്കാര്‍ നടത്തുന്നത്. മയക്കുമരുന്നു മാഫിയ സംസ്ഥാനത്ത് ആഴത്തില്‍ വേരോട്ടം നടത്തിയിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കലാപങ്ങള്‍ക്കും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും പിന്നില്‍ ഇത്തരം മാഫിയാ പ്രവര്‍ത്തനങ്ങളാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയൊട്ടാകെ ലഹരി മാഫിയയുടെ പ്രവര്‍ത്തനം സജീവമാണ്. ഇത്തരം മാഫിയകളെ തകര്‍ക്കാനും തളയ്ക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഭരണകൂടം മാത്രം വിചാരിച്ചാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാനാകില്ല. ജനങ്ങളുടെ പൂര്‍ണമായ പിന്തുണ ഇക്കാര്യത്തിലുണ്ടാകണം. ബഹുജന മനസാക്ഷി ഉണര്‍ന്നാല്‍ മാത്രമേ മാഫിയകളെ തച്ചു തകര്‍ക്കാന്‍ കഴിയുകയുള്ളു. പോലീസിന് ഇക്കാര്യത്തില്‍ ജനങ്ങളുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ വേരുകള്‍ കണ്ടെത്തി മാഫിയകളെ തകര്‍ക്കാന്‍ കഴിയുകയുള്ളു. പുതുതലമുറയില്‍ ലഹരിക്കെതിരേയുള്ള അവബോധമുണ്ടാക്കണം. കേന്ദ്ര നാര്‍ക്കോട്ടിക്ക് നിയമത്തില്‍ ഭേദഗതികള്‍ ആവശ്യമുണ്ട് എന്നും മന്ത്രി പറഞ്ഞു..
സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി തയാറാക്കുന്ന അഭിപ്രായങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും. മയക്കുമരുന്നു വ്യാപാരികള്‍ക്കെതിരെ മുഖം നോക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. എം.എ.ബേബി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.