രേണുക വേണു|
Last Modified ബുധന്‍, 16 ഓഗസ്റ്റ് 2023 (11:16 IST)
സംസ്ഥാനത്ത് ഈ മാസവും കാര്യമായ മഴ ലഭിക്കില്ലെന്ന് കാലാവസ്ഥ വിദഗ്ധര്‍. സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങി രണ്ടരമാസം പിന്നിട്ടിട്ടും ആകെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് ലഭിച്ചത്. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 15 വരെ ലഭിക്കേണ്ടിയിരുന്നത് 1556 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍ 877.1 മില്ലിമീറ്റര്‍ മഴ മാത്രമാണ് ഇക്കാലയളവില്‍ ലഭിച്ചത്. 44 ശതമാനം കുറവ്.
മഴയുടെ അളവില്‍ ജൂണില്‍ 60 ശതമാനവും ജൂലൈയില്‍ ഒന്‍പത് ശതമാനവും കുറവ് രേഖപ്പെടുത്തി. ഓഗസ്റ്റില്‍ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മുന്‍ മാസങ്ങളേക്കാള്‍ വളരെ കുറവാണ് മഴയുടെ അളവ്. 254.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ ലഭിച്ചത് 25.1 മില്ലിമീറ്റര്‍ മാത്രം. ഏകദേശം 90 ശതമാനത്തിന്റെ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം കാലവര്‍ഷം കൂടുതല്‍ ശക്തമായത് ഓഗസ്റ്റ് മാസത്തിലാണ്. എന്നാല്‍ ഇത്തവണ സ്ഥിതി രൂക്ഷമായിരിക്കുകയാണ്. വരും മാസങ്ങളില്‍ സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകാനുള്ള സാധ്യതയുണ്ട്.
പസഫിക് സമുദ്രത്തില്‍ രൂപംകൊണ്ട എല്‍ നിനോ പ്രതിഭാസമാണ് സംസ്ഥാനത്ത് മഴ കുറയാന്‍ പ്രധാന കാരണം. ബംഗാള്‍ ഉള്‍ക്കടലില്‍ ഇത്തവണ കാര്യമായി ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടില്ല. സംസ്ഥാന തീരത്ത് കാലവര്‍ഷക്കാറ്റിന്റെ ശക്തി കുറഞ്ഞതും മഴ കുറയാന്‍ കാരണമായി.
അതേസമയം സെപ്റ്റംബറില്‍ കേരളത്തില്‍ പതിവിലും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. സെപ്റ്റംബറില്‍ പസഫിക് സമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും ഉണ്ടാകുന്ന മാറ്റം രണ്ടാം വാരത്തില്‍ കേരളത്തില്‍ ശക്തമായ മഴ നല്‍കുമെന്നാണ് പ്രതീക്ഷ.