രേണുക വേണു|
Last Modified ബുധന്‍, 16 ഓഗസ്റ്റ് 2023 (08:33 IST)
കാലവര്‍ഷം ദുര്‍ബലമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കും. വൈകിട്ട് നാല് മണിക്കാണ് ഉന്നതതലയോഗം.
സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. വൈദ്യുതിയുടെ ആഭ്യന്തര ഉത്പാദനം കുറഞ്ഞു. കടുത്ത പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് സംസ്ഥാനത്തെ ഡാമുകളില്‍ ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 81 ശതമാനം വെള്ളമുണ്ടായിരുന്നു.
ദിവസവും 10 കോടി രൂപയുടെ വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങുന്നത്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതനുസരിച്ച് സര്‍ചാര്‍ജ് കൊണ്ടുവരാനാണ് ആലോചന. അധിക വൈദ്യുതി വാങ്ങുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും.