ഉമ്മൻ ചാണ്ടിക്ക് അഴിമതിക്ക് 'അഴി' ഉറപ്പാക്കുമെന്ന് വിഎസ്

ഉമ്മൻ ചാണ്ടിക്ക് അഴിമതിക്ക് 'അഴി' ഉറപ്പാക്കുമെന്ന് വിഎസ്

കൊച്ചി| JOYS JOY| Last Updated: തിങ്കള്‍, 2 മെയ് 2016 (12:15 IST)
അഴിമതിക്ക് ഉമ്മന്‍ ചാണ്ടിക്ക് ‘അഴി’ ഉറപ്പാക്കുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഫേസ്‌ബുക്ക് പോസ്റ്റിലായിരുന്നു വി എസ് ഇക്കാര്യം വ്യക്തമാക്കിയത്. വിജിലൻസിനെ കക്ഷത്തിലിടിക്കി വച്ചാൽ എങ്ങനെ വിജിലൻസ് എഫ് ഐ ആർ ഫയൽ ചെയ്യും. കേസിന്റെ കാര്യം പറയുമ്പോൾ എഫ് ഐ ആർ - ന്റെ കാര്യവുമായിട്ടാണ് അങ്ങ് വരുന്നത്. ഇത് താങ്കളുടെ സ്ഥിരം കലാപരിപാടിയാണെന്നും വി എസ് പറയുന്നു.

മേയ് 16 കഴിഞ്ഞാൽ മുഖ്യമന്ത്രി എന്ന തൊപ്പി താങ്കളുടെ തലയിലുണ്ടാവില്ലല്ലോ. കോടതികൾ കയറിയിറങ്ങി നടക്കാൻ ഇഷ്‌ടം പോലെ സമയം കാണുമെന്നും വി എസ് പരിഹസിക്കുന്നുണ്ട്. താനിതൊന്നും വിളിച്ച് പറയണമെന്ന് വിചാരിച്ചതല്ലെന്നും പക്ഷെ, താങ്കൾ ജനങ്ങളെ തെറ്റിധരിപ്പിക്കുമ്പോൾ അവരെ സത്യം ബോദ്ധ്യപ്പെടുത്തേണ്ടത് തന്റെ കടമയാണെന്നും താങ്കളുടെ അഴിമതിക്ക് മരുന്ന് 'അഴി' മതി എന്നും പറഞ്ഞാണ് ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വി എസ് അച്യുതാനന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട മുഖ്യമന്ത്രി,

കേരളത്തിലെ ജനങ്ങളെ ആകെ വിഢികളാക്കാനുള്ള പാഴ്ശ്രമമാണ് താങ്കൾ നടത്തി കൊണ്ടിരിക്കുന്നത്. താങ്കളുടെ പേരിൽ 31 അഴിമതി കേസുകൾ ഉണ്ടെന്നാണ് ഞാൻ പറഞ്ഞത്. അതിൽ ഞാൻ ഉറച്ച് നിൽക്കുന്നു. ഈ പ്രശ്നം ഇപ്പോൾ കോടതിയുടെ മുമ്പാകെ ആണ് . അത് കൊണ്ട് ഇതിന്റെ വിശദാംശങ്ങൾ ഞാൻ കോടതിയിൽ ബോധിപ്പിക്കും.

നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം താങ്കൾ ഒരു വീരവാദം മുഴക്കിയതായി കണ്ടു. തനിക്കെതിരെ ഏതെങ്കിലും എഫ്.ഐ.ആർ. ഉണ്ടോ എന്നാണ് താങ്കൾ ചോദിച്ചിരിക്കുന്നത്. കേസിന്റെ കാര്യം പറയുംമ്പോൾ എഫ്.ഐ.ആർ - ന്റെ കാര്യവുമായിട്ടാണ് അങ്ങ് വരുന്നത്. ഇത് താങ്കളുടെ സ്ഥിരം കലാപരിപാടിയാണ്.

ഇനി എഫ്.ഐ.ആർ -ന്റെ കാര്യമെടുക്കാം. താങ്കളുടെ പേരിൽ ഒരൊറ്റ എഫ്.ഐ.ആർ. പോലും ഇല്ല എന്നാണല്ലോ പറയുന്നത്. ആരാണ് ഈ എഫ്.ഐ.ആർ. ഇടേണ്ടത്? താങ്കളുടെ കീഴിലുള്ള ആജ്ഞാനുവർത്തികളായ പോലീസുകാരും താങ്കൾക്ക് വിടുപണി ചെയ്യുന്ന വിജിലൻസ് ഉദ്യോഗസ്ഥരും! - അല്ലേ? ഇവർ നട്ടെല്ല് താങ്കളുടെ മുന്നിൽ പണയം വച്ചിരിക്കുകയാണെന്ന് കേരള ജനതയ്ക്ക് നന്നായിട്ട് അറിയാം.

താങ്കളുടെ പേരിലുള്ള ടെറ്റാനിയം കേസ് ഓർമയില്ലേ? 2014 ആഗസ്റ്റിലാണ് താങ്കൾക്കെതിരെ എഫ്.ഐ.ആർ. ഇട്ട് അന്വേഷിക്കണമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടത്. അന്ന് നിങ്ങൾ അതിലെ ചില പ്രതികളെ വച്ച് ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങി. 2016 ജനുവരിയിൽ ഹൈക്കോടതി ആ സ്റ്റേ എല്ലാം നീക്കി. എന്നിട്ട് ഇപ്പോൾ മാസം അഞ്ച് കഴിഞ്ഞു. വിജിലസ് ഡയറക്ടറെന്ന നിങ്ങളുടെ ആജ്ഞാനുവർത്തി ഇതുവരെ എഫ്.ഐ.ആർ. ഫയൽ ചെയ്തിട്ടില്ല. കോടതിയിൽ വരുംമ്പോൾ തട്ടാമുട്ടി ന്യായം പറഞ്ഞ് സമയം ചോദിക്കുകയാണ്. നിങ്ങൾ എന്റെ ഈ ചോദ്യത്തിന് ഉത്തരം പറയണം. നിങ്ങൾ ഈ കേസിലെ ആറാം നമ്പർ സസ്പെക്ടെഡ് ഓഫീസർ (SO6) അല്ലേ?

ഇങ്ങനെ വിജിലൻസിനെ നിങ്ങൾ കക്ഷത്തിലിടിക്കി വച്ചാൽ എങ്ങനെ വിജിലൻസ് എഫ്.ഐ.ആർ. ഫയൽ ചെയ്യും.

ഞാൻ പറഞ്ഞത് നിങ്ങൾക്കെതിരെ 31 അഴിമതി കേസുകളുണ്ടെന്നാണ്. നിങ്ങളത് നിഷേധിച്ചു. തൃശൂർ വിജിലൻസ് കോടതിയിൽ രണ്ട് കേസുകളിൽ എഫ്.ഐ.ആർ. ഇടാൻ ഉത്തരവായില്ലേ? മൂവാറ്റുപുഴ വിജിലൻസ് കോടതിയിലും ഒരു കേസിൽ താങ്കൾക്കെതിരെ കടുത്ത പരാമർശം വന്നില്ലേ? തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പാറ്റൂർ ഫ്ലാറ്റ് കുംഭകോണത്തിൽ താങ്കളെ ഒന്നാം പ്രതിയാക്കി ഞാൻ കേസ് കൊടുത്തിട്ടില്ലേ? ഈ കേസുകളെല്ലാം താങ്കളുടെ മുന്നിൽ വിറച്ച് നിൽക്കുന്ന ആഭ്യന്തര മന്ത്രി ചെന്നിത്തലയും താങ്കൾക്ക് വേണ്ടി വിടുപണി ചെയ്യുന്ന വിജിലൻസ് ഡയറക്ടറും കൂടിയല്ലേ നീട്ടികൊണ്ട് പോകുന്നത്.

ബാഗ്ലൂർ ജില്ലാ കോടതിയിൽ താങ്കൾക്കെതിരെ ഒരു കോടി അറുപത് ലക്ഷം രൂപയുടെ റിക്കവറി സ്യൂട്ട് ഇല്ലേ? സോളാർ സരിതയും നിങ്ങളും കൂടി ഒരു കുരുവിളയെ പറ്റിച്ചത് ഓർമയുണ്ടോ? അയാൾ കൊടുത്ത കേസാണിത്. താങ്കൾക്ക് രണ്ട് സമൻസ് കിട്ടിയില്ലേ? താങ്കൾ ഹാജരായില്ല. കേസിൽ താങ്കളെ എക്സ്പാർട്ടിയാക്കി. നാമനിർദ്ദേശ പത്രിക നൽകുന്നതിന് ഒരു ദിവസം മുമ്പല്ലേ നിങ്ങളുടെ വക്കീൽ സമസ്താപരാധവും ഏറ്റ് പറഞ്ഞ് കോടതിയിൽ ഹാജരായത്. കോടതിയുടെ ഉത്തരവ് എന്തായിരുന്നു എന്ന് താങ്കൾക്ക് അറിയാമോ? അറിയില്ലെങ്കിൽ ഞാൻ പറഞ്ഞ് തരാം. ജൂൺ 20-ന് താങ്കൾ ആ കോടതി മുമ്പാകെ കൈയ്യും കെട്ടി തല കുനിച്ച് നിന്ന് മാപ്പ്! മാപ്പ്! മാപ്പ്! എന്ന് മൂന്ന് വട്ടം പറയണം. മേയ് 16 കഴിഞ്ഞാൽ മുഖ്യമന്ത്രി എന്ന തൊപ്പി താങ്കളുടെ തലയിലുണ്ടാവില്ലല്ലോ. കോടതികൾ കയറയിറങ്ങി നടക്കാൻ ഇഷ്ടം പോലെ സമയം കാണും!

CC. 393\2015. എറണാകുളം കൺസ്യൂമർ കോടതിയിലെ കേസാണിത്. താങ്കളാണ് രണ്ടാം പ്രതി.

ലോകായുക്തയിൽ ഫയൽ ചെയ്യുന്നത് അടിപിടി കേസും പിടിച്ചുപറി കേസും അല്ലല്ലോ? അഴിമതി കേസുകളാണെന്ന് താങ്കൾക്കും എനിക്കും അറിയാം. ലോകായുക്തയുടെ വെബ്ബ് സൈറ്റിൽ താങ്കളും കൂട്ടാളികളും കാണിച്ച അഴിമതികൾക്കെതിരെ 47 കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം വിവരാവകാശം വഴി ലഭിച്ചിട്ടുണ്ട്. പക്ഷെ താങ്കൾ ഒരു വലിയ സൂത്രശാലിയാണ്. വിവരം പുറത്ത് വന്നപ്പോൾ താങ്കളുടെ ഓഫീസിലെ ഒരു പ്രമുഖൻ ലോകായുക്തയെ വിരട്ടി. നിങ്ങളുടെ കാരുണ്യത്തിൽ ജോലികിട്ടിയ ആ റിട്ടേയ്ഡ് ജഡ്ജി ഒരു കൂസലും കൂടാതെ വിളിച്ചു പറഞ്ഞു ഇവിടൊരു കേസും ഇല്ലെന്ന്. ഞാനിതൊന്നും വിളിച്ച് പറയണമെന്ന് വിചാരിച്ചതല്ല. പക്ഷെ താങ്കൾ ജനങ്ങളെ തെറ്റിധരിപ്പിക്കുംമ്പോൾ അവരെ സത്യം ബോദ്ധ്യപ്പെടുത്തേണ്ടത് എന്റെ കടമയാണ്.

ഉമ്മൻ ചാണ്ടി, താങ്കളുടെ അഴിമതിക്ക് മരുന്ന് 'അഴി' മതി!

സസ്നേഹം,
വി.എസ്.അച്യുതാനന്ദന്‍


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :