തിരുവനന്തപുരം|
jibin|
Last Updated:
വെള്ളി, 18 ഡിസംബര്‍ 2015 (10:22 IST)
സംസ്ഥാനത്ത് എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് രൂക്ഷമാകുന്നതിന് പിന്നാലെ ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തരമന്ത്രി
രമേശ് ചെന്നിത്തല ഹൈക്കമാൻഡിന് കത്തയച്ചതായി റിപ്പോര്‍ട്ട്.
പക്ഷപാതിത്വവും ആധികാരികതയും ജനങ്ങളെ കോൺഗ്രസിൽ നിന്നും യുഡിഎഫിൽനിന്നും അകറ്റി. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തകർച്ചയിൽ സർക്കാരിനും പങ്കുണ്ട്. സർക്കാരിൽ അഴിമതി വ്യാപകമാണെന്നും ചെന്നിത്തലയുടെ കത്തില്‍ പറയുന്നുണ്ടെന്നാണ് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച ആശങ്ക പകരുന്നതാണ്. യുഡിഎഫിന് പതിവായി വോട്ട് ചെയ്‌തിരുന്ന നായര്‍ സമുദായം ഇന്ന് ബിജെപിക്കൊപ്പം ചേരുകയാണ്. ബിജെപിയുടെ വളർച്ചയിൽ ശക്തമായ പഠനവും വിശകലനവും ആവശ്യമാണ്. ശക്തമായ രീതിയിലാണ് ബിജെപിയുടെ വളര്‍ച്ച. തദ്ദേശതെരഞ്ഞെടുപ്പില്‍ ഈ കാര്യം വ്യക്തമായതാണ്. ഈ സാഹചര്യത്തില്‍ ബിജെപിയുടെ വളര്‍ച്ചയെ തടയാനുള്ള പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നും ചെന്നിത്തലയുടെ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
നായര്‍ സമുദായം പലയിടത്തും ബിജെപിക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ഇതിന് പിന്നാലെ ഈഴവ വിഭാഗവും ബിജെപിയുടെ വളര്‍ച്ചയില്‍ പങ്കാളികളായിരിക്കുകയാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ മുൻസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും ബിജെപി അക്കൗണ്ട് തുറക്കാന്‍ കാരണമായത് ഇത്തരം ബന്ധങ്ങളാണെന്നും കത്തില്‍ പറയുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുകയാണ്. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി ശക്തമായി തിരിച്ചുവരണമെങ്കില്‍ വിശദമായ വിലയിരുത്തലുകളും പദ്ധതികളും ആവശ്യമാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ ആവശ്യമായ പഠനങ്ങളും മുന്നൊരുക്കങ്ങളും ഉണ്ടായില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ അങ്ങനെയാകരുത്. വിമതസ്ഥാനാർഥികളെ അനുനയിപ്പിക്കുന്നതിനും നടപടികളെടുക്കുന്നതിനും തയാറായിരുന്നില്ലെന്നും ചെന്നിത്തല കത്തിൽ പറയുന്നു. അതേസമയം, ഇത്തരത്തിൽ ഒരു കത്ത് രമേശ് ചെന്നിത്തല അയച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓഫിസ് പറഞ്ഞു.