വിഴിഞ്ഞം പദ്ധതി: നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്ന ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Updated: ബുധന്‍, 9 ഡിസം‌ബര്‍ 2015 (12:27 IST)
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. തുറമുഖ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ഹര്‍ജിയാണ് സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചത്.

ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുക. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ അംഗം ആന്റോ ഏലിയാസാണ് ഹര്‍ജി നല്‍കിയത്. വിഴിഞ്ഞം പദ്ധതി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്ന് ആരോപിച്ചാണ് ആന്റോ ഏലിയാസ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

വിഴിഞ്ഞം പദ്ധതിക്കെതിരായ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും വിഴിഞ്ഞം തുറമുഖ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നും ആന്റോ ഏലിയാസ് ആവശ്യപ്പെട്ടിട്ടുണ്ട്.

പദ്ധതിപ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സ്ഥിതിക്ക് അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :