നാഷണല്‍ ഹെറാള്‍ഡ് കേസ്: ഹാജരാകാന്‍ സോണിയയ്ക്കും രാഹുലിനും നിര്‍ദ്ദേശം

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (15:27 IST)
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും നോട്ടീസ്. വിചാരണ കോടതിക്കു മുമ്പാകെ ഹാജരാകാന്‍ ഇരുവര്‍ക്കും ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം നല്കി.

നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഓഹരികള്‍ തട്ടിയെടുത്തു എന്നാരോപിച്ച് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ സുബ്രഹ്മണ്യം സ്വാമി ആയിരുന്നു കേസ് ഫയല്‍ ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ കേസില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും ഡല്‍ഹി മെട്രോപോളിറ്റന്‍ കോടതി നേരത്തെ നോട്ടീസ് അയച്ചത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് പ്രതികൂലമായ വിധിയാണ് ഉണ്ടായിരിക്കുന്നത്.

രാഹുലിനും സോണിയയ്ക്കും പുറമേ പാര്‍ട്ടി ട്രഷറര്‍ മോത്തി ലാല്‍ വോറ, ജനറല്‍ സെക്രട്ടറി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബേ, സാം പിത്രോഡാ എന്നിവര്‍ക്കും കേസില്‍ കേസില്‍ കോടതി സമന്‍സ് അയച്ചിരുന്നു.

1938 ല്‍ ജവഹര്‍ലാല്‍ നെഹറു സ്ഥാപിച്ച പത്രമാണ് നാഷണല്‍ ഹെറാള്‍ഡ്. അസോസിയേറ്റ് ജേണല്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ഈ പത്രം 2008ലാണ് അടച്ചു പൂട്ടിയത്. ഈ പത്രത്തിന്റെ 99 ശതമാനം ഓഹരികള്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പാര്‍ട്ടി ട്രഷറര്‍ മോത്തി ലാല്‍ വോറ എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തിരുന്നു. യങ് ഇന്ത്യ കമ്പനിക്ക് നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ 90 കോടി രൂപ കോണ്‍ഗ്രസ് പാര്‍ട്ടി ഫണ്ടില്‍ നിന്ന് വായപ് അനുവദിച്ചു എന്നതാണ് കേസിനാധാരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :