തിരുവനന്തപുരം|
jibin|
Last Modified ശനി, 5 ഡിസംബര്‍ 2015 (18:16 IST)
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ നിർമാണത്തിന് തറക്കല്ലിട്ടു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മുഖ്യാതിഥിയായിരുന്നു. തുറമുഖ നിർമ്മാണ കരാർ ഏറ്റെടുത്ത അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിയും ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.
സ്പീക്കർ എൻ ശക്തൻ, മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, പിജെ ജോസഫ്, രമേശ് ചെന്നിത്തല, കെപി മോഹനൻ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, വിഎസ് ശിവകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരും അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി ഉൾപ്പെടെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും സിഇഒയുമായ സന്തോഷ്കുമാർ മഹാപാത്ര പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
നാല് വർഷമാണ് നിർമാണ കാലാവധിയെങ്കിലും സർക്കാർ സഹകരിച്ചാൽ 1000 ദിവസം അതായത് മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കാമെന്നാണ് പദ്ധതിയിൽ പങ്കാളികളായ അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം. വിഴിഞ്ഞം ഇൻറർനാഷനൽ ഡീപ് വാട്ടർ മൾട്ടിപർപസ് സീപോർട്ട് എന്ന് പേരിട്ട പദ്ധതിയുടെ ആകെ ചെലവ് 7,525 കോടി രൂപയാണ്. കേരളം 2,280 കോടി രൂപയും കേന്ദ്രസർക്കാർ മൂലധനത്തിന് ഉപരി തുകയായി 817.8 കോടി രൂപയും മുടക്കും. ബാക്കി തുക അദാനി പോർട്സ് ആണ് വഹിക്കുക. സർക്കാരിന് ഏഴാംവർഷം മുതൽ വരുമാനം ലഭിക്കും.