എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 8 മെയ് 2023 (17:55 IST)
പാലക്കാട്: പലരിൽ നിന്നായി വിസ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത വിസ തട്ടിപ്പു കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് പുതുശേരി കാളാണ്ടിത്തറ മഞ്ഞത്തൊട്ടി വീട്ടിൽ ശ്രീകുമാർ (26) ആണ് പിടിയിലായത്.
വിദേശത്തു ഉന്നത ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വിസയോ പകരം പണമോ ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ കസബ പോലീസിൽ പരാതി നല്കുകയായിരുന്നു. തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചത്.
വിവരം അറിഞ്ഞ പ്രതി കോയമ്പത്തൂർ, കൊച്ചി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. ഇതിനിടെ ഇയാൾ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടുകയും തുടർന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാവുകയും ആയിരുന്നു. ഇയാൾ സംസ്ഥാനത്തെ മിക്ക ജില്ലകളിലും സമാനമായ രീതിയിൽ ലക്ഷങ്ങൾ തട്ടിയെടുത്തതായി പോലീസ് അറിയിച്ചു.