വ്യക്തിഹത്യ നടത്തുന്നു; ആരോപണം ഉന്നയിക്കുന്നവരുടെ പൂര്‍വ്വാശ്രമം അന്വേഷിക്കണം: വെള്ളാപ്പള്ളി

കൊല്ലം| JOYS JOY| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (16:02 IST)
സ്വാമി ശാശ്വതീകാനന്ദയുടെ ജലസമാധിയുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും പറയാനില്ലെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തന്നെ വ്യക്തിഹത്യ നടത്തുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരുടെ പൂര്‍വ്വാശ്രമം കൂടി അന്വേഷിക്കണം. ടെലിവിഷനില്‍ കൂടെയുള്ള വെളിപ്പെടുത്തലുകള്‍ കേട്ട് ജനത്തിന് മടുത്തു. ശാശ്വതീകാനന്ദയുടെ മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ തല മുണ്ഡനം ചെയ്ത് കാശിക്കു പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബി ജെ പിയുമായി തനിക്ക് പുലബന്ധം പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്ത് പ്രതിബന്ധം ഉണ്ടായാലും ഡിസംബറില്‍ രാഷ്‌ട്രീയപാര്‍ട്ടി രൂപീകരിക്കും. രാഷ്‌ട്രീയത്തില്‍ വരുന്നവര്‍ ഇത്തരത്തില്‍ ആരോപണങ്ങള്‍ നേരിടേണ്ടി വരും. നാളെ ചിലപ്പോള്‍ തനിക്ക് ഭാര്യയും വേറെ മക്കളുമുണ്ടെന്ന് പറഞ്ഞേക്കാം. താനും ഈ കൂട്ടത്തില്‍പ്പെട്ട ചെണ്ടമേളക്കാരനാണ്. ഉടുക്ക് കൊട്ടി പേടിപ്പിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :