ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

Shashi Tharoor, Shashi Tharoor Congress, Tharoor, ശശി തരൂര്‍, തരൂര്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്, തരൂരിനെതിരെ കോണ്‍ഗ്രസ്
Shashi Tharoor
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 ഏപ്രില്‍ 2026 (18:51 IST)
കേരളത്തിലെ 12 ജില്ലകളിലെ 59 നിയമസഭാ മണ്ഡലങ്ങളിലായി 17 ദിവസം നീണ്ടു നിന്ന വിപുലമായ തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുമ്പോള്‍ ജനമനസുകളില്‍ യുഡിഎഫിനുള്ള മുന്‍തൂക്കം വ്യക്തമാകുന്നതായി ഡോ. ശശി തരൂര്‍ എംപി അറിയിച്ചു. കേരളത്തില്‍ യുഡിഎഫ് അനുകൂല കാലാവസ്ഥയാണ്. സംസ്ഥാനത്ത് വളരെ ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നുണ്ടെന്നും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നുമാണ് പാറശ്ശാല മുതല്‍ മട്ടന്നൂര്‍ വരെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണത്തില്‍ നിന്ന് മനസ്സിലാകുന്നത്.

ഭരണത്തോടുള്ള ശക്തമായ വിരക്തി, വിശ്വാസ്യതയും ജനസ്വീകാര്യതയും നിറഞ്ഞ യുഡിഎഫ് സ്ഥാനാര്‍ഥികള്‍, ജനങ്ങളുടെ നാളെയെ ലക്ഷ്യമിടുന്ന യുഡിഎഫ് വാഗ്ദാനങ്ങള്‍ നല്‍കുന്ന പ്രത്യാശ ഇവ ഒന്നിച്ച് കേരളത്തില്‍ മാറ്റത്തിനായുള്ള മഹത്തായ ജനമുന്നേറ്റത്തിന് വഴിയൊരുക്കുകയാണ്. ഓരോ പൊതുയോഗത്തിലും, റോഡ്ഷോയിലും, യുവജന സംഗമങ്ങളിലും, വനിതാ കൂട്ടായ്മകളിലും, മണ്ഡലതല സംവാദങ്ങളിലും ജനങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിച്ചത് ഒരു ജനകീയ ഭരണത്തിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു.
ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്ന ഭരണകൂടം, തൊഴില്‍ സൃഷ്ടി, സാമ്പത്തിക പുനരുജ്ജീവനം, പൊതുസ്ഥാപനങ്ങളിലെ വിശ്വാസത്തിന്റെ പുനഃസ്ഥാപനം എന്നിവ ജനാഭിലാഷങ്ങളായി ഉയര്‍ന്നു കേട്ടു.

ഈ പ്രചാരണത്തിന്റെ ഏറ്റവും ശക്തമായ സ്വരം കേരളത്തിന്റെ യുവതലമുറയുടേതാണ്. ക്യാമ്പസുകളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ യുവാക്കള്‍ പങ്കുവച്ച ആശങ്കകള്‍ ഗൗരവമേറിയവയാണ്
തൊഴില്‍ അവസരങ്ങളുടെ ക്ഷാമം, അക്രമങ്ങളിലും മയക്കുമരുന്നിലും മുങ്ങി ക്യാമ്പസുകളുടെ ചൈതന്യം മങ്ങിപ്പോകുന്നത്, പഠനവും തൊഴിലും തമ്മിലുള്ള വിടവ് വര്‍ധിക്കുന്നത് എല്ലാം യുവാക്കളെ നിരാശരാക്കുന്നു. ഈ അസ്വസ്ഥതയാണ് ഇന്ന് കേരളത്തിലെ രാഷ്ട്രീയ മനോഭാവത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായി മാറിയിരിക്കുന്നത്.

യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര ജനവിശ്വാസം ഉറപ്പിച്ചു വിജയം നേടാന്‍ കഴിവുള്ളവരാണ്. എല്ലാ മണ്ഡലങ്ങളിലും ജനങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന, പ്രാദേശിക സ്വീകാര്യതയുള്ള, ശുദ്ധമായ പൊതുജീവിതമുള്ള നേതാക്കളെയാണ് യുഡിഎഫ് മുന്നോട്ടുവച്ചിരിക്കുന്നത്. സ്ഥാനാര്‍ഥികളുടെ ഈ ഗുണമേന്മ ജനങ്ങളുടെ പ്രതീക്ഷകളുമായി ചേര്‍ന്നു പോകുന്ന രീതിയിലായതോടെ യു ഡി എഫ് പ്രചാരണം ജനങ്ങളുമായി കൂടുതല്‍ ആത്മബന്ധമുള്ളതായി മാറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :