തുരങ്കം തകര്‍ന്നുണ്ടായ അപകടം: രക്ഷാപ്രവര്‍ത്തനം തുടരുന്നു, എല്ലാവരും സുരക്ഷിതര്‍

രേണുക വേണു| Last Modified തിങ്കള്‍, 13 നവം‌ബര്‍ 2023 (09:30 IST)

ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാന്‍ തീവ്ര പ്രയത്‌നം തുടരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ഉത്തരകാശിയിലെ യമുനോത്രി നാഷണല്‍ ഹൈവെ പരിസരത്തുള്ള തുരങ്കം തകര്‍ന്നത്. നാല്‍പ്പത് തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. 40 തൊഴിലാളികളും സുരക്ഷിതരാണെന്നും അവര്‍ക്ക് ആവശ്യമായ ഓക്‌സിജനും വെള്ളവും എത്തിച്ചതായും അധികൃതര്‍ അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ നാലിനാണ് തുരങ്കം തകര്‍ന്നത്.

നാലര കിലോമീറ്റര്‍ വരുന്ന ടണലിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നത്. സില്‍ക്യാരയെ ദണ്ഡല്‍ഗാവുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട തുരങ്കം. ചാര്‍ ധാം റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കത്തിന്റെ നിര്‍മാണം.

സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ മാറ്റി തുരങ്കത്തിനകത്തേയ്ക്കുള്ള വഴി ശരിയാക്കാനുള്ള ശ്രമം തുടരുകയാണ്. ഏകദേശം 35 മീറ്റര്‍ ദൂരത്തെ അവശിഷ്ടങ്ങള്‍ കൂടി മാറ്റിയാല്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നിടത്തേക്ക് എത്താമെന്നാണ് വിലയിരുത്തല്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :