ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ കൈക്കൂലി : മൂന്നു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 12 നവം‌ബര്‍ 2023 (15:48 IST)
എറണാകുളം: ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞത് ഒരു വർഷത്തിന് ശേഷം പുതുക്കുന്നതിന് ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ തന്നെ പുതുക്കി നൽകിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പിലെ മൂന്നു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ ലഭിച്ചു. കാലാവധി പൂർത്തിയായി ഒരു വര്ഷം കഴിഞ്ഞവർക്കാണ് ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ ഉദ്യോഗസ്ഥർ ലൈസൻസ് പുതുക്കി നൽകിയത് എന്ന റീജ്യണൽ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡിന്റെ കണ്ടെത്തലൈൻ തുടർന്നാണ് സസ്‌പെൻഷൻ ലഭിച്ചത്.

ഒരു വര്ഷം കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ് നടത്തണം എന്നാണു നിയമം. ഇത്തരത്തിൽ 2500 ലേറെ ഡ്രൈവിംഗ് ലൈസന്സുകളാണ് പണം വാങ്ങി പുതുക്കി നൽകിയത്. എറണാകുളം റീജ്യണൽ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ടി.സി.സ്‌ക്വാഡ് ആണ് ക്രമക്കേട് കണ്ടെത്തിയത്. ഇത്തരത്തിൽ ഏറ്റവുമധികം ക്രമക്കേട് നടന്നത് ഗുരുവായൂരിലാണ്.

ഗുരുവായൂരിനോപ്പം കൊടുവള്ളി, തിരൂരങ്ങാടി എന്നീ സബ് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലുമാണ് തട്ടിപ് നടന്നത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മോട്ടോർ വാഹന ഇൻസ്‌പെക്ടർമാരായ പത്മലാൽ, ടി.അനൂപ് മോഹൻ, എം.എ.ലാലു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

ഏജന്റുമാർ വഴിയാണ് ലൈസൻസ് പുതുക്കുന്നതിന് തട്ടിപ്പ് നടത്തുന്നത്. സാധാരണ രീതിയിൽ ഇതിനായി ഏജന്റുമാർ കൈക്കൂലി ഇനത്തിൽ ഈടാക്കുന്നത് അയ്യായിരം രൂപവരെയാണ്. ഇതിനൊപ്പം സസ്പെൻഷനിലായ ഉദ്യോഗസ്ഥർ തങ്ങളുടെ അധികാര പരിധിയിൽ ഉൾപ്പെടാത്തവർക്കും ഇത്തരത്തിൽ ലൈസൻസ് പുതുക്കി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :