ശ്രീനു എസ്|
Last Modified ശനി, 23 ജനുവരി 2021 (15:29 IST)
മെഡിക്കല്‍ കോളേജ്
ഡോക്ടര്‍മാരുടെ 2016
മുതലുള്ള ശമ്പളകുടിശ്ശിക നല്കാത്തതില്‍ പ്രതിഷേധിച്ചു വിവിധ സമരപരിപാടികള്‍ നടത്തുവാന്‍ കെജിഎംസിടിഎ സംസ്ഥാനസമിതി തീരുമാനിച്ചു. മറ്റു സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും ശമ്പളക്കുടിശ്ശികയും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് മുന്നണിപ്പോരാളികളായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കടുത്ത അവഗണന സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ട് പോകുന്നുവെന്നാണ് ആരോപണം.
ജനുവരി 29 മുതല്‍, മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ എല്ലാ നോണ്‍ കോവിഡ് മീറ്റിങ്ങുകള്‍, ബോര്‍ഡ് മീറ്റിംഗുകള്‍, അക്കാഡമിക് ഡ്യൂട്ടികള്‍, വി ഐ പി ഡ്യൂട്ടികള്‍, പേ വാര്‍ഡ് അഡ്മിഷന്‍ എന്നിവ ബഹിഷ്‌കരിക്കുമെന്നും ഫെബ്രുവരി 5ന് എല്ലാ മെഡിക്കല്‍ കോളേജുകളിലും 24 മണിക്കൂര്‍ റിലേ നിരാഹാരസമരം ( 12 മണിക്കൂര്‍ വീതം ) നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ളതായും അറിയിച്ചിട്ടുണ്ട്.
കൂടാതെ ഫെബ്രുവരി 9 മുതല്‍ അനിശ്ചിതകാലസമരം നടത്തുവാന്‍ തീരുമാനിച്ചതായും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ കടുത്ത നടപടികളിലേക്ക് തള്ളിവിടരുതെന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ ആവശ്യങ്ങള്‍ ഉടനടി അംഗീകരിക്കണമെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെട്ടു.