തിരുവനന്തപുരം|
VISHNU N L|
Last Modified വ്യാഴം, 7 മെയ് 2015 (08:14 IST)
തലസ്ഥാനത്തെ വെള്ളപ്പൊക്കത്തിനു പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ 10 കോടിരൂപ അനുവദിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന 'ഓപ്പറേഷന്‍ അനന്ത'യ്ക്കായാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭ 10 കൊടി രൂപ അനുവദിച്ചത്. ഓപ്പറേഷൻ അനന്തയുടെ ഭാഗമായി തലസ്ഥാന നഗരത്തിലെ ഓടകൾക്കും തോടുകൾക്കും മുകളിലുള്ള അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും പൊളിച്ചുമാറ്റുകയുമാണു ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് 2005ലെ കേന്ദ്ര ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും.
നടപടികള്‍ തടസപ്പെടുത്താനായി വ്യാപാരികള്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നത് തടയുന്നതിനായാണ് ഈ നടപടി. നിയമപ്രകാരം ദുരന്ത കാരണമാകുമെന്നു ബോധ്യപ്പെടുന്ന കെട്ടിടങ്ങൾ ഇടിച്ചുനിരത്താനോ അതിന്റെ ഘടനയിൽ മാറ്റം വരുത്താനോഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നുണ്ട്. ഈ നിയമപ്രകാരം സ്വീകരിക്കുന്ന നടപടികൾ ഹൈക്കോടതിക്കു താഴെയുള്ള കോടതികളിൽ ചോദ്യം ചെയ്യാനാവില്ല.
ഹൈക്കോടതിയെ സമീപിക്കുന്നതിനു മുൻപു കലക്ടറുടെ തലത്തിലും ചീഫ് സെക്രട്ടറി തലത്തിലും മുഖ്യമന്ത്രി തലത്തിലും പരാതി നൽകുകയും മൂന്നു സമിതികളും അതു പരിശോധിച്ചു തള്ളുകയും വേണം. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഉത്തമബോധ്യത്തോടെ സ്വീകരിക്കുന്ന നടപടികളുടെ പേരിൽ ഉദ്യോഗസ്ഥർക്കെതിരെ പിന്നീടു നിയമ നടപടി സ്വീകരിക്കാൻ സാധിക്കില്ല. നിർമാണജോലികൾക്കു ടെൻഡർ നടപടി ആവശ്യമില്ല. ഓഡിറ്റിങ് സമയത്തു ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വൗച്ചർ നൽകിയാൽ മതി എന്ന് ഇളവുമുണ്ട്.